ശ്വേത മേനോന്റെ പരാമർശങ്ങൾ അപക്വം ! തിരുത്തിയില്ലെങ്കിൽ നിയമ നടപടിയെന്നും കോം ഇന്ത്യ

Advertisement

തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടി ശ്വേതാ മേനോൻ നടത്തിയ പരാമർശങ്ങൾ അപക്വവും അബദ്ധ ജടിലവുമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ- ഇന്ത്യ ( കോംഇന്ത്യ).

ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ തന്നെയാണ് ഓൺലൈൻ മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. വാർത്തകൾ നൽകുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓൺലൈൻ മാധ്യമങ്ങൾക്കും അതിന്റേതായ സംവീധാനങ്ങളും കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ട്.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമർശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങൾക്കെതിരെ വാർത്ത വന്നാൽ അതിനെ മഞ്ഞ മാധ്യമ പ്രവർത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേർന്നതല്ല.

ഇത്തരം വാർത്തകൾ വന്നാൽ നേരിടാൻ അവർക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓൺലൈൻ മാധ്യമങ്ങളെയും ചേർത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാമർശങ്ങൾക്ക് പോലും ഓൺലൈൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകളും ഉണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോൻ നടത്തിയ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ് എന്നിവർ വ്യക്തമാക്കി

Advertisement