കൊച്ചി: ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ഒരുവർഷത്തിനുള്ളിൽ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷിച്ചത് 103 കുട്ടികളെ.
ഇതിൽ 70 ആൺകുട്ടികളും 33 പെൺകുട്ടികളും ഉൾപ്പെടും. കണ്ടെത്തിയ കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചു. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരുടെ മികച്ച പ്രവർത്തനമെന്ന് കോഓഡിനേറ്റർ അമൃത ശിവൻ അറിയിച്ചു. ചൈൽഡ്ലൈൻ പ്രവർത്തനങ്ങളിൽ റെയിൽവേ പൊലീസുകാർക്കും റെയിൽവേ അധികൃതർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
എറണാകുളം റെയിൽവേ ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ സൗത്ത് റെയിൽവേ ഏരിയ മാനേജറുടെ ചേംബറിൽ ചൈൽഡ് ഹെൽപ് ഗ്രൂപ് യോഗം സംഘടിപ്പിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ, റെയിൽവേ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ പങ്കെടുത്തു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ നിതിൻ നോർബെർട്ട് മുഖ്യപ്രഭാഷണം നടത്തി. റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. മുൻ കോഓഡിനേറ്റർ ഷാനോ ജോസിനെ മെമന്റോ നൽകി ആദരിച്ചു.
സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എ. അരുൺ, എം.എ. അരുൺ, സൗത്ത് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ സുനിൽകുമാർ, രഞ്ജിത്ത്, നോർത്ത് റെയിൽവേ അസി. സബ് ഇൻസ്പെക്ടർ ശ്രീജിത്ത് (ആർ.പി.എഫ്) തുടങ്ങിയവർ പങ്കെടുത്തു.