കൊച്ചി: നടിയെ ആക്രമിച്ച കേസിലും ദിലീപിനെതിരായ വധഗൂഢാലോചന കേസിലും കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
ആലുവ പത്മസരോവരം വീട്ടിൽ ഉച്ചയ്‌ക്ക് 12ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് 4.40ന് പൂർത്തിയായി. എസ്.പി മോഹനചന്ദ്രൻ, ഡിവൈഎസ്‌പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് സംഘം 11.30ന് കാവ്യയുടെ വീട്ടിലെത്തിയത്. ഇവർ എത്തുന്നതിന് മുൻപ് കാവ്യയുടെ മാതാപിതാക്കൾ വീട്ടിലെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ കാവ്യയുടെ മൊഴി മുൻപ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ കേസിലെ തുടരന്വേഷണത്തിൽ ശബ്‌ദരേഖകളും ഫോൺ സംഭാഷണങ്ങളും പരിശോധിച്ചപ്പോൾ അതിൽ കാവ്യയെ പരാമർശിക്കുന്നതായി കണ്ടെത്തി. ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെതടക്കം ശബ്ദരേഖയിലാണ് കാവ്യയെ പരാമർശിച്ചത്.
മുൻപ് രണ്ട് തവണ ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് കാവ്യയോട് ആവശ്യപ്പെട്ടെങ്കിലും വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ അറിയിച്ചത്. ചോദ്യം ചെയ്യലിന് സാങ്കേതിക സൗകര്യമൊരുക്കാൻ കഴിയാത്തതിനാലാണ് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്തില്ല. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിൽ നടി സഹകരിച്ചോ എന്ന വിവരം അധികൃതർ പുറത്തുവിട്ടില്ല.