ഗവർണറിന് പുത്തൻ ബെൻസ് കാർ, ചെലവ് 85.11 ലക്ഷം

Advertisement

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദിന് പുത്തൻ ഔദ്യോഗിക വാഹനം. കറുത്ത നിറത്തിലുള്ള ബെൻസിന്റെ ജി എൽ ഇ ക്ളാസിലുള്ള കാർ ആണ് ഗവർണറിന് വേണ്ടി വാങ്ങിച്ചത്.

മാസങ്ങൾക്ക് മുമ്പ് തന്നെ ഗവർണറിന് പുതിയ വാഹനം വാങ്ങുന്നതിന് വേണ്ടിയുള്ള അനുമതി സർ‌ക്കാർ നൽകിയിരുന്നു. 85.11 ലക്ഷം രൂപയാണ് സർക്കാർ ഇതിനു വേണ്ടി അനുവദിച്ചത്.

ബെൻസ് ജി എൽ ഇ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ 300 ഡി മോ‌ഡൽ ആണ് ഗവർണറിന് വേണ്ടി വാങ്ങിയിരിക്കുന്നത്. കൊച്ചിയിൽ ഇതിന്റെ ഓൺറോഡ് വില 84.24 ലക്ഷം ആണ്. ബെൻസിന്റെ തന്നെ ഇതേ ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലായ 400 ഡിയുടെ ഹിപ്പ് ഹോപ്പ് എഡിഷന് ഏകദേശം 1.57 കോടി രൂപ ഓൺറോഡ് വിലവരും.

സുരക്ഷാ സംബന്ധമായ കാരണങ്ങളാലാണ് ഗവർണറിന്റെ വാഹനം ഇപ്പോൾ മാറ്റുന്നത്. എല്ലാ അഞ്ച് വർഷം കൂടുമ്പോഴോ ഒരു ലക്ഷം കിലോമീറ്റർ കൂടുമ്പോഴോ വാഹനം മാറ്റണം. എന്നാൽ ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന ബ്രൗൺ നിറത്തിലുള്ള ബെൻസ് കാറിന് 12 വർഷത്തിലേറെ പഴക്കമുണ്ട്. മൂന്ന് ഗവർണർമാരാണ് ഇതേ വാഹനം ഉപയോഗിച്ചത്. മുൻ ഗവർണറായിരുന്ന പി സദാശിവത്തിന്റെ കാലത്ത് തന്നെ വാഹനം ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടിരുന്നു. അന്ന് തന്നെ ഗവർണറുടെ ഓഫീസ് സർക്കാരിന് വാഹനം മാറുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകിയിരുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്.

Advertisement