തിരുവനന്തപുരം: മൂകാംബികയിലേക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തിയെന്ന വാർത്ത കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പലരും ഇതിൻറെ വാർത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകൾ ചെയ്ത വീഡിയോകളും ഇതിൻറെ ഭാഗമായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഒടുവിൽ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്വിഫ്റ്റ് അധികൃതർ. ഇത്തരം ഒരു വാർത്തയിൽ അടിസ്ഥാനമില്ലെന്ന് പറയുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് അധികൃതർ, ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റർ തിട്ടപ്പെടുത്തിയും ബസിൽ സഞ്ചരിച്ച യാത്രക്കാരിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ചുമാണ്, സംഭവത്തിൻറെ വാസ്തവം കണ്ടെത്തിയത്.
കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും, വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്, ഇവിടെ നിന്നും സ്വിഫ്റ്റ് ബസിന് വഴിതെറ്റിയിരുന്നു. തുടർന്ന്, പത്ത് പതിനഞ്ച് കിലോമീറ്ററോളം മുന്നോട്ട് പോയപ്പോൾ അബന്ധം മനസിലാക്കിയ ഡ്രൈവർ വണ്ടി തിരിച്ചെടുത്തു. ഈ സമയത്ത് ഉറക്കം ഉണർന്നിരുന്ന ചില യാത്രക്കാർ കടൽ കണ്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ‘ഗോവൻ കഥ’ പ്രചരിപ്പിക്കപ്പെട്ടത് എന്നാണ് സ്വിഫ്റ്റ് അധികൃതർ വ്യക്തമാകുന്നത്. മൂകാംബികയിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ബസ്, വഴിതെറ്റി ഗോവൻ ബീച്ചിൽ എത്തിയെന്നും. രാവിലെ കണ്ടത് അർദ്ധ നഗ്നരായ വിദേശികളെ എന്നും മറ്റും ആയിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.