തിരുവനന്തപുരം: സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു.
45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും, രജത ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1998 മേയ് 17നാണു കുടുംബശ്രീ രൂപീകൃതമായത്. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിനായി അവരുടെ പങ്കാളിത്തത്തോടെ മിതവ്യയം അടിസ്ഥാനമാക്കി വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന നയപരിപാടിയുമായാണു കുടുംബശ്രീ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആഹാരം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം, വരുമാനം തുടങ്ങിവയായിരുന്നു കുടുബശ്രീയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 45.85 ലക്ഷം വനിതകൾ കുടുംബശ്രീയിൽ അംഗമാണ്. ഉപജീവന മാർഗത്തിനായി സൂക്ഷ്മ സംരംഭങ്ങൾ നടപ്പാക്കൽ, അയൽക്കൂട്ടങ്ങളിലെ സമ്ബാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽ ശേഷിയും കാര്യശേഷിയും വർധിപ്പിച്ച് സ്ത്രീ കേന്ദ്രീകൃത നൂതന പങ്കാളിത്ത സമീപനമാണു കുടുംബശ്രീ കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു.രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 17നു രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിസഭയിലെ വനിതാ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചു റാണി, വീണാ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാരുടെ സംഗമവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിയും കുടുബശ്രീയും, പ്രാദേശിക സാമ്പത്തിക വികസനം – കുടുംബശ്രീയുടെ പങ്ക്, ലിംഗപദവി തുല്യതയും മുൻഗണനാ സമീപനങ്ങളും എന്നീ വിഷയങ്ങളിൽ മുൻ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, ടി.കെ. ജോസ്, നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ തുടങ്ങിയവർ ചർച്ചകൾ നയിക്കും.ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ചു പഠനം നടത്തിയവരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകൾ, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സി.ഡി.എസുകളിലും ഒരേ ദിവസം വികസന സെമിനാറുകൾ, കുടുംബശ്രീ ഫെലോഷിപ്പ് പ്രോഗ്രാം, കലാലയങ്ങളിൽ കുടുംബശ്രീ സെമിനാറുകൾ, മുൻകാല പ്രവർത്തകരുടെ കൂട്ടായ്മകൾ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കൽ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അറിവും അനുഭവങ്ങളും മാതൃകകളും നേട്ടങ്ങളും വൈജ്ഞാനിക കേരള സൃഷ്ടിക്കു വേണ്ടി പങ്കുവയ്ക്കും. സ്ത്രീകളുടെ പൊതുപങ്കാളിത്തവും തൊഴിൽ പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി സ്ത്രീപക്ഷ നവകേരളത്തിന്റെ തുടർ പ്രവർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.