കൊച്ചി മെട്രോയുടെഏറ്റവും വലിയ സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ; വടക്കേകോട്ട സ്റ്റേഷൻ സമുച്ചയത്തിന്റെ വിസ്തീർണം 4.3 ലക്ഷം ചതുരശ്രയടി

Advertisement

കൊച്ചി: കൊച്ചി മെട്രോ വടക്കേകോട്ട സ്‌റ്റേഷൻ യാത്രക്കാർക്കും സംരംഭകർക്കും ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ.
ഈ മേഖലയുടെ സർവതോമുഖമായ വളർച്ചയ്ക്ക് വഴിതുറക്കുന്ന വിധത്തിലാണ് മെട്രോയുടെ ഏറ്റവും വലിയ ഈ സ്റ്റേഷൻ തൃപ്പൂണിത്തുറയുടെ ഏറ്റവും ഹൃദയഭാഗത്ത് സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷൻ 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആലുവയിലേതാണ്.

അതിനേക്കാൾ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത് . 4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്റ്റേഷൻ സമുച്ചയത്തിന്റെ വിസ്തീർണം. വിവിധതരം ഷോപ്പുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ഇവിടെ ലഭ്യമാണ്. ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ, മ്യൂസിക് ട്രെയിനിംഗ് സെന്ററുകൾ തുടങ്ങിയവ ആരംഭിക്കാനും പറ്റും.

കോഫി ഷോപ്പ്, ഗിഫ്റ്റ് സെന്ററുകൾ, സൂപ്പർ മാർക്കറ്റുകൾ , ഓട്ടോ മൊബൈൽ എക്‌സിബിഷൻ സെന്ററുകൾ , ഇലക്‌ട്രോണിക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കാനും ഇവിടം അനുയോജ്യമാണ്. വിപുലമായ പാർക്കിംഗ് സ്ഥലവും സ്റ്റേഷന്റെ പ്രത്യേകതയാണ്. സ്റ്റേഷനോട് ചേർന്ന് പേട്ട -ഇരുമ്പനം സൈഡിൽ 70 സെന്റ് സ്ഥലവും ഇരുമ്പനം- പേട്ട സൈഡിൽ 60 സെന്റ് സ്ഥലവും നിലവിൽ പാർക്കിംഗിനായി ലഭിക്കും.

താൽപര്യമുള്ള സംരംഭകർക്ക് വടക്കേ കോട്ട സ്റ്റേഷനിലെ സൗകര്യം പ്രയോജനപ്പെടുത്താനായി പ്രീ ലൈസൻസിംഗും മെട്രോ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്റ്റേഷനുകളിൽ പേട്ടയിൽ നിന്ന് വടക്കേ കോട്ടയിലേക്കും എസ്.എൻ ജംഗ്ഷനിലേക്കും മെട്രോ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. അടുത്ത മാസം സർവീസ് തുടങ്ങുവാൻ കഴിയുന്ന വിധത്തിൽ അന്തിമഘട്ടജോലികൾ പുരോഗമിക്കുകയാണ്.

അതേസമയം കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനം തോറും വർധിച്ചുവരവേ ട്രാക്കിന് സമീപം ബിസിനസ് ചെയ്യുന്നവർക്ക് അതിന്റെ നേട്ടം ലഭിക്കാനായി പുതിയ വിപണന പ്ലാനുകൾ കൊച്ചി മെട്രോ അവതരിപ്പിച്ചു. മെട്രോ ട്രാക്കിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് ആകർഷകമായ നിരക്കിലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്ഥാപനങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും മെട്രോ യാത്രക്കാരെ അറിയിക്കാൻ മെട്രോയിൽ ലഭ്യമായ വൈവിധ്യമാർന്ന പ്രചരണ ഉപാധികൾ തിരഞ്ഞെടുക്കാം . സ്റ്റേഷൻ അനൗൺസ്‌മെന്റ് , ട്രയിനിനുള്ളിലെ അനൗൺസ്‌മെന്റ്, പോസ്റ്റർ ഡിസ്‌പ്ലേ , എൽ. സി. ഡി ഡിസ്‌പ്ലേ , സ്റ്റാൻഡി , ലോഗോ പതിപ്പിച്ച കാർ ഡിസ്‌പ്ലേ തുടങ്ങിയവ ഒരുമിച്ചോ ഓരോന്നോ ആയി പ്രയോജനപ്പെടുത്താം. ചതുരശ്രയടിക്ക് 50 രൂപമുതൽ 25,000 രൂപവരെയാണ് നിരക്ക്. താൽപര്യമുള്ളവർ ജൂൺ എട്ടിന് മുമ്പായി ഗൂഗിൾ ഫോം പുരിപ്പിച്ച്‌ നൽകുക. ലിങ്ക്: https://forms.gle/EtPY4bFCaRfqHM858
കൂടുതൽ വിവരങ്ങൾക്ക് 18004250355. മൊബൈൽ 9999391592