ശാസ്താംകോട്ട: കുന്നത്തൂര്‍ നിയോജകമണ്ഡലത്തിന്റെയും താലൂക്കിന്റെയും ആസ്ഥാനമായ ശാസ്താംകോട്ടയില്‍ അനുവദിച്ച കോടതികള്‍ പോലും നിലനിര്‍ത്താന്‍ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞില്ലെന്ന് ആരോപണം. ഇതോടെ കേസ് ആവശ്യത്തിനായി ജില്ല മുഴുവന്‍ കറങ്ങിയിറങ്ങി നട്ടംതിരിയുകയാണ് ജനങ്ങള്‍.
കുടുംബകോടതി, മോട്ടോര്‍വാഹന അപകട നഷ്ട പരിഹാര ട്രൈബ്യൂണല്‍, ഉള്‍പ്പെടെ ജില്ലാ കോടതി നിലവാരത്തിലുള്ള അനുവദിച്ച കോടതികള്‍ ഒന്നുപോലും ഇവിടെയില്ല. ലോക്‌സഭ, നിയമസഭാ സംവരണ മണ്ഡലമായ ഇവിടെ വരേണ്ടിയിരുന്ന പട്ടികജാതി-പട്ടിക വര്‍ഗ കോടതി കൊട്ടാരക്കരയിലേക്ക് മാറ്റി.
കുടുംബകോടതി ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് ചവറയിലേക്കും വാഹനാപകട നഷ്ടപരിഹാരത്തിനായി കൊല്ലത്തേക്കും പോകേണ്ട അവസ്ഥയാണ്. ഗ്രാമന്യായാലയവും ഇവിടെയില്ല. 44.5 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടായിട്ടും മുപ്പത് വര്‍ഷത്തിനിടെ ആകെ ലഭിച്ചത് പുതിയ കെട്ടിടവും ഒരു താത്ക്കാലിക മജിസ്‌ട്രേറ്റ് കോടതിയും മാത്രമാണ്. വാടക കെട്ടിടങ്ങള്‍ കണ്ടെത്തി പുതിയ കെട്ടിടങ്ങള്‍ അനുവദിക്കാനും പുതിയ കെട്ടിടം നിര്‍മ്മിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആരും താത്പര്യം കാട്ടിയിട്ടില്ല.
ഇച്ഛാശക്തിയില്ലാത്ത ജനപ്രതിനിധികളാണ് ഈ നഷ്ടത്തിന് കാരണമെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമരസമിതി രൂപീകരിച്ചതായും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ജയചന്ദ്രന്‍, സെക്രട്ടറി കെ ജി സായിറാം, ജോയിന്റ് സെക്രട്ടറി ആര്യജകലേശ് എന്നിവര്‍ പറഞ്ഞു.
കുന്നത്തൂര്‍ താലൂക്കിലെ ഏഴ് പഞ്ചായത്തുകളും ശൂരനാട്, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുകളിലെ കേസുകളും മുന്‍സിഫ് കോടതിയുടെയും ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയുടെയും പരിധിയിലുള്ളത്. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ സിവില്‍ ക്രിമിനല്‍ അധികാര പരിധിയും ശാസ്താംകോട്ടയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
അടുത്തിടെ കിഴക്കേക്കല്ലട പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടുത്തിയെങ്കിലും സിവില്‍ കേസുകള്‍ ഇപ്പോഴും കൊല്ലത്താണ്. ഇത് കൂടി ഇങ്ങോട്ട് മാറ്റണമെന്ന് കിഴക്കേക്കല്ലട പഞ്ചായത്ത് പ്രമേയം പാസാക്കി ഹൈക്കോടതിക്ക് നല്‍കിയെങ്കിലും നടപടികളൊന്നുമായില്ല.