കേരളം മഴക്കെടുതിയിൽ, കനത്ത മഴ തുടരുന്നു: അണക്കെട്ടുകൾ തുറക്കുന്നു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല. ശക്തമായ മഴ തുടരുകയാണ്.

താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്.

വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാത ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് മുകളിലൂടെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ, കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ മൂലം വൻ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.

കനത്ത മഴയെ തുടർന്ന്, തിരുവനന്തപുരം, കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന്, കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കാനാണ് തീരുമാനം. ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

Advertisement