മഴക്കെടുതി: അടിയന്തര പ്രവർത്തികൾക്കായി 6.60 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

Advertisement

തിരുവനന്തപുരം: മഴക്കാലത്തെ അടിയന്തര പ്രവർത്തികൾക്കായി 6.60 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇറിഗേഷൻ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിയർമാർക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.

കടലാക്രമണവും തീരശോഷണവും നേരിടാൻ ഒമ്പതു തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

ജലവിഭവ വകുപ്പിലെ 24 എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാർക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൺസൂണുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകൾക്കും മൺസൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ പക്കൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് മൺസൂൺ തയാറെടുപ്പുകൾക്കായി മറ്റു ഫണ്ടുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ഈ ഫണ്ട് വിനിയോഗിക്കാൻ അനുമതിയുള്ളത്. തീരപ്രദേശങ്ങളിൽ അടിയന്തര പ്രവർത്തികൾക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ എന്നും കർശന നർദേശം നൽകിയിട്ടുണ്ട്. പ്രവർത്തികളുടെ വിഡിയോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ വേണമെന്നും നിർദേശമുണ്ട്. സാഹചര്യം പരിഗണിച്ച്‌ ഷോർട്ട് ടെൻഡറിങിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ കരാർ നൽകാൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മൺസൂൺ തീരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് അടങ്ങുന്ന സ്‌റ്റേറ്റ്‌മെന്റ് ഐ ആൻഡ് എ ചീഫ് എഞ്ചിനിയർക്ക് സമർപ്പിക്കണം. ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനായി നടപടികൾ സ്വീകരിക്കാമെന്നും നിർദേശിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇക്കുറി ഒരാഴ്ച മുൻപേ മൺസൂൺ കേരള തീരത്ത് എത്തുമെന്നാണ് നിഗമനം. മഴക്കാലത്തിനു മുൻപേ എത്തിയ കനത്ത മഴയിൽ പലയിടത്തും വെള്ളം കയറിയതു കൂടി കണക്കിലെടുത്ത് തയാറെടുപ്പുകൾ നടത്താനാണ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകിയിരിക്കുന്നത്.

Advertisement