കൊല്ലം : മലയാളഭാഷയുടെ നിലനില്പിനെക്കുറിച്ചുള്ള ഉത്കണ്ഠ അവസാനിച്ചിട്ടില്ലെന്ന് കവി സച്ചിദാനന്ദൻ. കേരളത്തിനുപുറത്ത് താമസിക്കുന്നവരുടെ മക്കളും ചെറുമക്കളും മലയാളം സംസാരിക്കുന്നില്ല.
ഭാഷ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കണം. സമകാലിക വിജ്ഞാനം ആവിഷ്കരിക്കാൻ ശേഷി നേടിയെങ്കിൽമാത്രമേ ഭാഷ നിലനിൽക്കുകയുള്ളൂ. ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യപുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിദാനന്ദൻ പറഞ്ഞു.
ഒരുസംസ്കാരം നശിക്കുമ്പോൾ ഭാഷ ഇല്ലാതാകും. കൃഷി ഇല്ലാതാകുമ്പോൾ അതുമായി ബന്ധപ്പെട്ട വാക്കുകൾ നശിച്ചുപോകും. ഇൻസ്റ്റിറ്റ്യൂട്ടിൽ കുറച്ചുപേർ നിഘണ്ടു തയ്യാറാക്കിയതുകൊണ്ടുമാത്രം ഭാഷ നിലനിൽക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു. യോദ്ധാവിന്റെ ഭാവവും ബുദ്ധന്റെ കരുണയും സമന്വയിപ്പിക്കുന്ന കവിയാണ് സച്ചിദാനന്ദനെന്ന് പുരസ്കാരം സമർപ്പിച്ച മന്ത്രി ആർ.ബിന്ദു പറഞ്ഞു. അദ്ദേഹത്തിെൻറ കവിതയിൽ വാക്കിന്റെ കുളിർകാറ്റും തീക്കാറ്റുമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.