രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ; ജനപിന്തുണ വർധിച്ചെന്നും മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: വർധിത ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇക്കാലയളവിൽ നല്ല തോതിൽ ജനപിന്തുണ വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നതെന്നു‌ം അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ഏതു പ്രതികൂലാവസ്ഥയിലും പ്രതിബദ്ധതയോടെ നടപ്പാക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രം വില്പനയ്ക്ക് വെച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് കേരളം ലേലത്തിൽ വാങ്ങി കേരള പേപ്പർ പ്രോഡക്‌ട്സ് ലിമിറ്റഡ്
(കെപിപിഎൽ) ആയി പുനരുദ്ധരിച്ച്‌ വീണ്ടും തുറന്ന് ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയത് അതിൻറെ ഉദാഹരണം. സർവ്വതല സ്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ വികസനം ഇതാണ് തുടക്കം മുതൽ എൽ ഡി എഫ് ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. അത് യാഥാർത്ഥ്യമാക്കാൻ ഉതകുന്ന ഇടപെടലുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻറെ ഫലമായി നമ്മുടെ സംസ്ഥാനം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി നേട്ടങ്ങൾക്ക് അർഹമായി. അവയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

നവകേരള സൃഷ്ടിക്കുതകുന്ന പ്രകടനപത്രികയാണ് 2021 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ചത്. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കർമ്മപരിപാടിയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയത്.

2022 ഫെബ്രുവരി 10, മുതൽ നടപ്പാക്കിവന്ന രണ്ടാം നൂറുദിന പരിപാടി ഇന്ന് സമാപിക്കുകയാണ്. നടപ്പാക്കിയ പരിപാടികളുടെ ആകെ പുരോഗതിയുടെ വിശകലനവും ക്രോഡീകരണവും നടന്നുവരുന്നു. അത് പൂർത്തിയായ ഉടനെ സംക്ഷിപ്തമായ വിശകലനം അവതരിപ്പിക്കും.

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതിനോടകം 2,95,000 വീടുകൾ ഗുണഭോക്തൃ കുടുംബങ്ങൾക്ക് നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. അത് ഉടൻ 3 ലക്ഷമായി ഉയർത്താനാവും. 2017 മുതൽ 31.03.2021 വരെ ലൈഫ് പദ്ധതി പ്രകാരം 2,62,131 വീടുകളുടെയും തുടർന്ന് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 32,875 വീടുകളും ഉൾപ്പെടെയാണ് 2,95,006 വീടുകളുടെ നിർമ്മാണം ആറു വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞത്.

പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 1003 വീടുകളും 276 ഫ്ളാറ്റുകളും കൈമാറി. 114 ഫ്ളാറ്റുകളുടെ പണിപൂർത്തിയായിട്ടുണ്ട്. ഇത് ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറും. കൂടാതെ 784 ഫ്ളാറ്റുകളുടെയും 1121 വീടുകളുടെയും നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.

ഭൂരഹിതർക്ക് 15,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കവിഞ്ഞ് 33,530 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ വർഷം ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടൻ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങൾ സജ്ജമാണ്.

കെഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ (കേബിളുകൾ വലിക്കുന്നതും, നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെൻറർ, പോയൻറ്സ് ഓഫ് പ്രസൻസസ്, എൻഡ് ഓഫീസ് ഇൻസ്റ്റുലേഷന് ഒരുക്കൽ) പുരോഗമിച്ചു വരുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽപ്പെട്ട 100 കുടുംബങ്ങൾക്ക് വീതം സംസ്ഥാനത്തൊട്ടാകെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ അതിവേഗതയിൽ പുരോഗമിച്ചുവരികയാണ്.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷ്യമിട്ടിരുന്ന 1600 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

ലഭ്യമായ വിവരമനുസരിച്ച്‌ 3,95,338 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൻറെ വിവരസഞ്ചയം പുതുക്കിയത് ഉടൻ നൽകും. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2021 മെയ് 21 മുതൽ2022 ഏപ്രിൽ 30 വരെ ആകെ 22,345 പേരെ പി.എസ്. സി. വഴി നിയമന ശുപാർശ ചെയ്തു. കഴിഞ്ഞ എൽ ഡി. എഫ് സർക്കാർ
1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കഴിഞ്ഞ ആറു വർഷത്തെ മൊത്തം നിയമന ശുപാർശ 1,83,706 ആണ്.

ഭരണ നിർവ്വഹണ രംഗത്തെ സുപ്രധാന ആവശ്യവും ആഗ്രഹവുമായ കേരള അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് (കെ എ എസ്) ഈ കാലയളവിൽ യാഥാർഥ്യമായി. നൂറ്റിയഞ്ചു പേർക്ക് നിയമനം നൽകുകയും അവരുടെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ചു. സജ്ജമാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഇതുവരെ 3,14,588 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോവിഡ് കാലയളവിൽ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാർക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവിൽ 181 പുതിയ കമ്പനികളും (ടെക്നോപാർക്ക്41, ഇൻഫോപാർക്ക്100, സൈബർപാർക്ക്40) പ്രവർത്തനമാരംഭിച്ചു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങൾ നിർമ്മിതിയിലാണ്.

മൂല്യവർദ്ധിത റബ്ബർ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പാലക്കാട് നിർമ്മിക്കുന്ന സംയോജിത റൈസ് ടെക്നോളജി പാർക്കിൻറെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. വയനാട് കോഫി പാർക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. പാലക്കാട് മെഗാ ഫുഡ് പാർക്കിൻറെ പ്രവർത്തനം ആരംഭിച്ചു. ചേർത്തല ഫുഡ്പാർക്കിൻറെ നിർമ്മാണം പൂർത്തീകരിച്ചു. 12.5 കോടി മുതൽമുടക്കിൽ സ്പൈസസ് പാർക്കിൻറെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്ത് പുരോഗമിക്കുന്നു.

ടൂറിസം മേഖലയിൽ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 2021ൽ 2020നെ അപേക്ഷിച്ചു 51% വർദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ വരവും ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ട്. 56 പ്രവാസി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായി. സംസ്ഥാന തലത്തിൽ പ്രവാസി സഹകരണ സംഘത്തിന് രൂപംകൊടുത്തിട്ടുണ്ട്.

2021-22 കാലയളവിൽ യുവകേരളം പദ്ധതി മുഖേന 1666 പേർക്കും ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതി മുഖേന 4430 പേർക്കും ആകെ 6096 പേർക്ക് നൈപുണി പോഷണവും തൊഴിലും നൽകാൻ സാധിച്ചു.

981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചു വരുന്നു. ശേഷിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്നവരുടെ എണ്ണം 13.14 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തുമെന്നും ശരാശരി പ്രവൃത്തി ദിനങ്ങൾ 50.55ൽ നിന്ന് 75 ആയി ഉയർത്തുമെന്നും നൽകിയ വാഗ്ദാനം ആദ്യ വർഷം തന്നെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. 16.45 ലക്ഷം കുടുംബങ്ങളും 18.99 ലക്ഷം വ്യക്തികളുമായി തൊഴിലെടുക്കുന്നവരുടെ എണ്ണം ഉയർന്നു. തൊഴിൽ ദിനങ്ങൾ ശരാശരി 64.41 ആയി വർദ്ധിച്ചു.

2021-22 ൽ 74776 കൃഷി സംഘങ്ങളിലായി 29246.34 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്തു ഉപജീവന മാർഗ്ഗം കണ്ടെത്തി. 441821 (4.41 ലക്ഷം) കുടുംബങ്ങളിൽ അഗ്രി ന്യൂട്രി ഗാർഡൻ ആരംഭിച്ചു. 2021-22 സാമ്പത്തിക വർഷം കേരള കാഷ്യൂ ബോർഡ് 12763.402 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനും കാപ്പെക്സിനും അവ വിതരണം ചെയ്തു. 2021-22 വർഷത്തിൽ 120 കോടി രൂപയുടെ സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി. 9.36 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിൻറെ പ്രയോജനം ലഭിച്ചു.

അതിതീവ്ര ദാരിദ്ര്യം തിരിച്ചറിയൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉൾപ്പെട്ട 19,489 വാർഡുകളിൽ നടത്തിയ കണക്കെടുപ്പിലൂടെ 64,006 കുടുംബങ്ങൾ അതീവ ദരിദ്രരായി കണ്ടെത്തി. അവരെ ദാരിദ്ര്യ രേഖയ്ക്ക് പുറത്ത് കൊണ്ടുവരാൻ ഓരോ കുടുംബത്തിനും മൈക്രോ പ്ലാൻ കരട് തയ്യാറാക്കിയിട്ടുണ്ട്.

അംബേദ്കർ പദ്ധതി 169 കോളനികളിൽ 1 കോടി രൂപ വീതം അനുവദിച്ച്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് 6472 പഠനമുറികൾ പൂർത്തീകരിച്ചു. പട്ടികവിഭാഗങ്ങളുടെ പാർപ്പിടപ്രശ്നം പൂർണമായും പരിഹരിക്കും. അതിനായി 278 കോടി രൂപ ലൈഫ് മിഷൻ 2021-22 ൽ നൽകി. 3111 വീടുകൾ പൂർത്തീകരിച്ച്‌ കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 2,14,274 പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്തു. വാടക വീട്ടിലെ താമസക്കാർ, തെരുവോരത്ത് കഴിയുന്നവർ എന്നിവർക്ക് കാർഡ് ലഭിക്കുകന്നതിനുണ്ടായിരുന്ന സാങ്കേതിക തടസ്സം മാറ്റി. ഈ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും റേഷൻ കാർഡുകൾ നൽകാൻ തുടങ്ങി. ആദിവാസി ഊരുകൾ, പ്ലാൻറേഷൻ മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ജന വിഭാഗങ്ങൾക്ക് റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നതിലുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മൊബൈൽ റേഷൻ കടകൾ വഴി റേഷൻ സാധനങ്ങൾ എത്തിച്ച്‌ വിതരണം നടത്തുന്നു.

83,333 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവിക കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നൽകി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. ഈ വർഷം 84 കേരഗ്രാമങ്ങൾ നടപ്പിലാക്കി. 10,59,992 തെങ്ങിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്തു.

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധ ഘടക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന ബൃഹത്തായ പദ്ധതി രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആരംഭിച്ചിട്ടുണ്ട്. 10,000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച്‌ സംയോജിത കൃഷി നടപ്പാക്കുകയാണ്.

സുഭിക്ഷ കേരളം പദ്ധതിയിൽ 4481 സംഘകൃഷി ഗ്രൂപ്പുകൾ രൂപികരിച്ചു. 16,867 അംഗങ്ങൾ പ്രവർത്തിക്കുന്നു . ഇതിലൂടെ 2130.21 ഹെക്ടർ ഭൂമിയിൽ കൃഷി വർധിപ്പിക്കാൻ സാധിച്ചു. 1787 ഹെക്ടർ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും കൃഷി സംഘങ്ങൾക്ക് കഴിഞ്ഞു. നഗരസഭാ പരിധിയിൽ നഗരസഭകളുടെ നേതൃത്വത്തിൽ 4198 ഹെക്ടർ തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയിട്ടുണ്ട്.

കോവിഡിൻറെ പശ്ചാത്തലത്തിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. 1,51,132 ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുവാൻ കഴിഞ്ഞു. ഫസ്റ്റ് ബെൽ 2.0 എന്ന പേരിൽ വിക്ടേഴ്സ് ചാനലിലൂടെ ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ആരംഭിച്ചത് എല്ലാ വിദ്യാർത്ഥികളെയും ഓൺലൈൻ ക്ലാസുകളിലേക്ക് എത്തിക്കാൻ പ്രാപ്തമാക്കി.

2021-2022 വർഷത്തിൽ സർക്കാർ സ്കൂളുകളിൽ 1,07,458 കുട്ടികൾ അധികമായി ചേർന്നു. ഏയിഡഡ് ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ 2,56,448 വിദ്യാർത്ഥികൾ പുതുതായി ചേർന്നു. 2021-22 അദ്ധ്യയന വർഷം ഒന്നാം ഘട്ടത്തിൽ 91 ഉം രണ്ടാം ഘട്ടത്തിൽ 53 ഉം സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ആകെ 144 സ്കൂളുകളിൽ, 5 കോടി പദ്ധതിയിലെ 15ഉം 3 കോടി പദ്ധതിയിലെ 33ഉം 1 കോടി പദ്ധതിയിലെ 2 സ്കൂളുകളും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നാം ഘട്ടമായി 69 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.

വിവിധ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തരബിരുദ കോഴ്സുകളിലായി 31,796 പുതിയ സീറ്റുകളും ഗവേഷണത്തിന് 631 പുതിയ ഗൈഡുകളുടെ കീഴിൽ 3,786 ഗവേഷണ സീറ്റുകളും 2021-2022 അധ്യയന വർഷം അനുവദിച്ചു. 77 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ ഗവേഷകർക്ക് കൈമാറി. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ആക്‌ട് 2021 ഒക്ടോബറിൽ കേരള നിയമസഭ പാസാക്കി.

തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 166 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവർത്തനം ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ 369 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും ചെയ്തു. ശേഷിക്കുന്ന 135 എണ്ണത്തിൻറെ നിർമ്മാണം പുരോഗമിച്ച്‌ വരുന്നു. 33 എണ്ണത്തിൻറെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

30-04-2022 വരെ 5,43,57,311 (അഞ്ച് കോടി നാൽപത്തി മൂന്ന് ലക്ഷത്തി അൻപത്തി ഏഴായിരത്തി മുന്നൂറ്റി പതിനൊന്ന്) ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്.

സർക്കാരിൻറെ ആദ്യ വർഷത്തിൽ 8737 കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കുന്നതിനും 29,066 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനും സാധിച്ചു. ഭൂരഹിത ഭവന രഹിതർക്കായുള്ള ഭവന നിർമ്മാണം പ്രത്യേക ലക്ഷ്യമായി കാണുകയാണ്. ഭൂരഹിതർക്ക് വീട് നിർമ്മാണത്തിന് ഭൂമി കണ്ടെത്തുന്നതിന് മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിൻ നടന്നു വരുന്നു. 39.97 ഏക്കർ ഭൂമി ഇതിനകം ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് ലൈഫ് മിഷനാണ് സഹായം നൽകുന്നത്. 39 ഭവന സമുച്ചയങ്ങൾ (ഫ്ളാറ്റുകൾ) ലക്ഷ്യമിട്ടതിൽ 32 എണ്ണത്തിൻറെ നിർമ്മാണം പുരോഗതിയിലാണ്. ഇതിൽ 10 ഫ്ളാറ്റുകൾ അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

കിഫ്ബി പിന്തുണയോടെ 100 കോടി രൂപ ചെലവിൽ 19 സ്റ്റേഡിയങ്ങളുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. 355 കോടി രൂപയുടെ 26 പ്രവൃത്തികൾ പുരോഗമിക്കുന്നു. സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കി. പവർകട്ട് ലോഡ്ഷെഡ്ഡിങ്ങ് എന്നിവ ഒഴിവാക്കാൻനടപടികൾ സ്വീകരിച്ചു. 38.5 മെഗാവാട്ടിൻറെ ജല വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി.

ഈ സർക്കാർ വന്ന ശേഷം പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിവിധ വിംഗുകൾക്ക് 4292 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. നിരത്ത് വിഭാഗം 878.12 കോടി, ദേശീയ പാതാ വിഭാഗം 106.30 കോടി, ആർ ഐ സി കെ 234.48 കോടി, കെആർഎഫ്ബി 365 കോടി, പാലങ്ങൾ വിഭാഗം 978.65 കോടി, കെആർഎഫ്ബി-പിഎംയു 1963.93 കോടി എന്ന തരത്തിലാണ് ഭരണാനുമതി നൽകിയത്.

നിരത്ത് വിഭാഗത്തിന് കീഴിൽ 1600 കി.മീ റോഡുകൾ ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയർത്തി. 2500 കി.മീ റോഡുകളുടെ ബി.എം&ബി.സി പ്രവൃത്തി നടന്നുവരുന്നു. ദേശീയ പാതാ വിഭാഗത്തിന് കീഴിൽ ഇതുവരെ 250 കി.മീ റോഡുകൾ ബി.എം&ബി.സി യിലേക്ക് ഉയർത്തി.

2021 മെയ് 21ന് ശേഷം ഏകദേശം 350 കി.മീ റോഡുകൾ പ്ലാസ്റ്റിക് ചേർത്ത ബിറ്റുമിൻ ഉപയോഗിച്ചും 740 കി.മീ റോഡുകൾ സ്വാഭാവിക റബ്ബർ ചേർത്ത ബിറ്റുമിൻ ഉപയോഗിച്ചും നിർമ്മിച്ചു. ദേശീയ പാത 66ൻറെ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. 2025 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നീലേശ്വരം റെയിൽവേ മേൽപ്പാലം , തലശ്ശേരി-മാഹി ബൈപ്പാസ്, മൂരാട്-പാലൊളി പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവ അന്തിമഘട്ടത്തിലാണ്.

എൻ എച്ച്‌-66 നു കീഴിലുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുക്കലിനുള്ള കേരള സർക്കാരിൻറെ വിഹിതമായ (25%) 5413.37 കോടി രൂപയിൽ 5311.10കോടി രൂപ സർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. മാഹി-വളപട്ടണം കനാൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോയുടെ മൂന്ന് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. ബാക്കി ആറ് എണ്ണത്തിൻറെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

അങ്കമാലി-ശബരി റെയിൽ പദ്ധതി ചെലവിൻറെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 3421.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2022 മാർച്ചിൽ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചു. 2021-22 സാമ്പത്തികവർഷത്തിൽ കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 539.45 കോടി രൂപയ്ക്കുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. മെയ് 2021 മുതൽ ഏപ്രിൽ 2022 കാലയളവിൽ കേരള പുനർനിർമ്മാണ പദ്ധതിയുടെ ധനസഹായമുള്ള പ്രോജക്ടുകൾക്കായി വിവിധ വകുപ്പുകൾ 1098.09 കോടി രൂപ ചെലവിട്ടു.

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. ഇതിൻറെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടെ 14 ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി വ്യാപിപ്പിക്കാനാവും. കിഫ്ബി 50,792 കോടി രൂപയുടെ 955 പ്രോജക്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 25,637 കോടി രൂപയുടെ 563 പ്രോജക്ടുകൾ ടെണ്ടർ ചെയ്തിട്ടുണ്ട്. 22,949 കോടി രൂപയുടെ 512 പ്രോജക്ടുകൾ പണി തുടങ്ങുകയോ അവാർഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ആകെ 19,202 കോടി രൂപ പദ്ധതികൾക്കായി ചെലവിട്ടു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച 962 പദ്ധതികളുടെ ആകെത്തുക 70,762 കോടി രൂപയാണ്.

ഐടി മേഖലയിൽ 105 കോടി കിഫ്ബി ഫണ്ടോടുകൂടി 2 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മാണം പൂർത്തിയാക്കി. ഇത് കമ്പനികൾക്ക് ലീസ് വ്യവസ്ഥയിൽ നൽകി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വൈദ്യുതി മേഖലയിൽ ട്രാൻസ്ഗ്രിഡ്2.0യുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും ലഭ്യമാക്കുന്നത്.

പൗരന്മാർക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിൻറെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2022 ഏപ്രിൽ ഒന്നു മുതൽ ഇൻറഗ്രെറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം നടപ്പിലാക്കി. ഗാർഹിക തലത്തിൽ 14,878 ബയോഗ്യാസ് പ്ലാൻറുകളും 5,51,994 കമ്പോസ്റ്റിംഗ് ഉപാധികളും സ്ഥാപിച്ചു. 1026 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ്വസ്തു ശേഖരണത്തിനായി ഹരിതകർമ്മ സേന പ്രവർത്തന സജ്ജമായി.

2022 ജനുവരി 26 ന് 11,115 സർക്കാർ ഓഫീസുകൾ ഗ്രീൻ ഓഫീസായി പ്രഖ്യാപിച്ചു. 404 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആകെ 548 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയായി. പുതുതായി 643 പദ്ധതികളുടെ പണി പുരോഗമിച്ചു വരുന്നു.

കൂടുതൽ സ്ഥാപനങ്ങൾ സുരക്ഷാ ആവശ്യം ഉന്നയിക്കുന്നതിനനുസരിച്ച്‌ വിന്യാസം നടത്തുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 2000 തസ്തികകൾ വ്യവസായ സംരക്ഷണ സേനയ്ക്കായി സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം സംസ്ഥാനത്ത് വർധിപ്പിക്കുന്നതിനായി വനിതാ വികസന കോർപറേഷൻ മുഖേന 30,000 തൊഴിൽ അവസരം പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞു. വനിത ശിശു വികസന വകുപ്പ് മുഖേന 6241 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ എല്ലാ കാര്യങ്ങളും ഇവിടെ സൂചിപ്പിച്ചിട്ടില്ല. ഇതിൻറെ വിശദമായ രേഖ വാർഷികാഘോഷം നടക്കുന്ന ജൂൺ രണ്ടിന് പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കുക സർക്കാരിൻറെ പ്രതിജ്ഞാബദ്ധതയാണ്. അത് എത്രമാത്രം സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്ന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതികളിൽ നിന്നും പിറകോട്ട് പോകില്ല. സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പാക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വിട്ടു വീഴ്ചയുണ്ടാകില്ല. ഏതു തരത്തിലുള്ള എതിർപ്പുകളേയും വിധ്വംസക നീക്കങ്ങളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങൾ ഈ സർക്കാരിനു പകർന്നു നൽകുന്നു. അതുകൊണ്ടാണ് സിൽവർലൈനു എതിരെ തുടർ സമരങ്ങൾ സംഘടിപ്പിച്ച മേഖലകളിൽ പോലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.ഫിനു മികച്ച വിജയം നേടാനായത്. തുടർന്നും ഈ സഹകരണവും പിന്തുണയും എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഉണ്ടാകണമെന്നഭ്യർത്ഥിക്കുന്നു. ആ ഉറപ്പാണ് എൽ.ഡി. എഫിനുള്ളത്.

മെയ് 22 മുതൽ 29 വരെയാണ് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്താൻ തീരുമാനിച്ചത് . അത് പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തൽ മുതലായവ ശുചീകരണ യജ്ഞത്തിൻറെ ഭാഗമാക്കണം.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ സൂക്ഷ്മതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. 50 വീടുകൾ / സ്ഥാപനങ്ങൾ അടങ്ങുന്ന ക്ലസ്റ്റർ രൂപീകരിച്ച്‌ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫിസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏൽപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കൺട്രോൾ റൂമുകൾ ആരംഭിച്ച്‌ 24 മണിക്കൂറും പ്രവർത്തിക്കണം.

സ്കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിൻറെ ഫിറ്റ്നസ്സ് മുതലായവ സംബന്ധിച്ച്‌ മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസ്സിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച്‌ അദ്ധ്യാപകർ വിവരം തിരക്കണം. സ്കൂളിലേക്ക് പുറപ്പെട്ട് കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ അടിയന്തരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണം. സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം. അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവയും മുറിച്ചു മാറ്റണം. ഇലക്‌ട്രിക് പോസ്റ്റിൻറെ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ച്‌ സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. അതോടൊപ്പം അപകടകരമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട്ട് ആണ് നിലവിലുള്ളത്. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾ ജാഗ്രത തുടരണം.