എറണാകുളം: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പുന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാർട്ടി സഖ്യം.
അണികൾ രാഷ്ട്രീയ പ്രബുദ്ധതയോടെ വോട്ട് ചെയ്യണമെന്നും നിലപാട് പ്രഖ്യാപിച്ച്‌കൊണ്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു.
മൂന്ന് മുന്നണികൾക്കും വോട്ടില്ല എന്നാണ് നിലപാട്. ഒരു മുന്നണിക്കും ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. നിലവിലെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം. പ്രലോഭനങ്ങൾക്കും സമ്മർദങ്ങൾക്കും വഴങ്ങരുത്. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. 2021 ലഭിച്ചതിനേക്കാൾ വോട്ട് സഖ്യത്തിന് ലഭിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടട്ടേ. മനസാക്ഷി വോട്ട്, സമദൂര വോട്ട് എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല, തീരുമാനം ജനങ്ങൾക്ക് വിടുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കഴിഞ്ഞ തവണ ട്വന്റി 20ക്ക് ലഭിച്ചത് 13897 വോട്ടാണ്. ഇത്തവണ സ്ഥാനാർത്ഥിയില്ലാത്തതിനാൽ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും, ജോ ജോസഫും, എ.എൻ രാധാക്യഷ്ണനും. സാബു എം. ജേക്കബ് സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ കഴിഞ്ഞ ദിവസവും സാബു എം. ജേക്കബിനെതിരെ രംഗത്ത് വന്നതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ജീവിച്ചിരുന്ന കാലത്ത് ട്വന്റി 20യുടെ കടുത്ത വിമർശകനായിരുന്നു പി.ടി തോമസ് എന്നതുകൊണ്ട് ഉമ തോമസിന് വോട്ട് നൽകാൻ തീരുമാനിക്കില്ലെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സാബു എം. ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സംസ്ഥാന സർക്കാരുമായി പ്രശ്നങ്ങളുണ്ടായപ്പോൾ ബി.ജെ.പി ഭരിക്കുന്ന സർക്കാരുകൾ കിറ്റക്സ് ഉടമ കൂടിയായ സാബു ജേക്കബിനെ വ്യവസായത്തിനായി ക്ഷണിച്ചത് അനുകൂല ഘടകമാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിൻറെ വിശ്വാസം.