വിജയ് ബാബു‍വിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചു; പ്രത്യേക യാത്രാരേഖകള്‍ തയ്യാറാക്കി നാട്ടിലെത്തിക്കാനും ശ്രമം

Advertisement

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും നീക്കംപാസ്‌പോര്‍ട്ടും വിസയും റദ്ദാക്കിയിട്ടും വിജയ് ബാബു തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് നടപടികള്‍ കടുപ്പിക്കുന്നത്. ഹൈക്കോടതി പരിഗണനയിലുള്ള കേസ് ആയതിനാല്‍ നിയമവശങ്ങള്‍ കൂടി പരിഗണിച്ചശേഷമാകും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക.

ബലാത്സംഗ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വിദേശത്തേയ്ക്ക് കടന്ന വിജയ് ബാബുവിനെ നാട്ടില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ട് നടന്നിരുന്നില്ല. കേസില്‍ വിജയ് ബാബുവിനെതിരെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കേരള പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് തീരുമാനം അറിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വിദേശത്ത് കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ തുടരുകയാണ്. തിരിച്ചെത്താനുള്ള ടിക്കറ്റടക്കമുള്ള യാത്രാരേഖകള്‍ ഹാജരാക്കിയശേഷം മുന്‍കൂര്‍ ജാമ്യം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമാകും വരെ വിജയ് ബാബു വിദേശത്ത് തന്നെ തുടര്‍ന്നേക്കും.

അതേസമയം പാസ്‌പോര്‍ട് റദ്ദാക്കിയതിനാല്‍ വിജയ് ബാബുവിന് പ്രത്യേക യാത്രരേഖകള്‍ തയാറാക്കി നാട്ടിലെത്തിക്കാനും കേരള പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ വിജയ് ബാബു ഈ മാസം 30ന് നാട്ടിലെത്തുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. 30ന് കേരളത്തില്‍ തിരിച്ചെത്തുന്നതിനുള്ള ടിക്കറ്റ് വിജയ് ബാബുവിന്‍റെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Advertisement