വിഎച്ച്എസ്ഇ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക; വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തി

Advertisement

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ വി.എച്ച്.എസ്.ഇ വിഭാഗം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ആവശ്യപ്പെട്ടു. വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയമാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തൊഴിൽ നൈപുണി പദ്ധതി (എൻ.എസ്. ക്യു.എഫ്) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസികളുടെ കോഴ്സുകൾ മാത്രം തെരഞ്ഞെടുക്കുകയും പ്രസ്തുത കോഴ്സുകളുടെ മൂല്യനിർണയത്തിന് സ്വകാര്യ ഏജൻസികളെ പൊതു വിദ്യാലയത്തിലെ പരീക്ഷ നടത്തിപ്പിന് ചുമതലപ്പെടുത്തുകയും ചെയ്യുന്നത് മൂലം വ്യാപകമായ സാമ്പത്തിക അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടക്കുന്നു എന്ന് വ്യാപകമായ പരാതികളാണ് അധ്യാപകരുടേയും വിദ്യാർഥികളുടെയും പക്ഷത്തുനിന്ന് ഉയരുന്നത്.

സംസ്ഥാന സർക്കാരിൻറെ തൊഴിൽ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുക, സാഹചര്യങ്ങൾ ഇണങ്ങുന്ന കോഴ്സുകൾ വി.എച്ച്.എസ്.ഇ വകുപ്പിൻറെ നേതൃത്വത്തിൽ വിഭാവനം ചെയ്തു നടപ്പിലാക്കുക,പ്രായോഗിക മൂല്യനിർണയത്തിന്റെ പൂർണ്ണ ചുമതല വൊക്കേഷണൽ അധ്യാപകർക്ക് നൽകുക, എൻ.എസ്.ക്യു.എഫ് തൊഴിൽ നൈപുണി പഠനത്തിന് നേതൃത്വം വഹിക്കുന്ന വൊക്കേഷണൽ അധ്യാപക തസ്തികയിൽ സ്ഥിര നിയമനം പുനസ്ഥാപിക്കുക..എൻ.എസ്.ക്യു.എഫ് കോഴ്സുകൾക്ക് പിഎസ്‌സി അംഗീകാരം നൽകുക,പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ തൊഴിൽ നൈപുണി വിദ്യാഭ്യാസം അന്യസംസ്ഥാന സ്വകാര്യ ഏജൻസികളുടെ നിയന്ത്രണത്തിലാക്കുന്നതിനെതിരെ സർക്കാർ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.

ധർണ്ണയിൽ വൊക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സന്തോഷ് ബേബി എ.കെ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഷൈജിത്ത് ബി.റ്റി.മുഖ്യപ്രഭാഷണം നടത്തി, രാജൻ ടി., ഗോപകുമാർ പി.എസ്, മനോജ്, അനോജ് എസ് എസ്, ബിജു തോമസ്, അനിൽകുമാർ , ലവകുമാർ വി. , അഭിലാഷ് ജി.ആർ, സഞ്ജീവ് കുമാർ പി., ദിലീപ് ആർ. കെ., പ്രിയദർശിനി, സുജ, ലതീഷ് ആർ നാഥ്, സെയ്ദ് ഷിയാസ് എന്നിവർ ആശംസകൾ അറിയിച്ചു.