ന്യൂഡൽഹി: കുരങ്ങുപനി കേസുകൾ നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്തവരെ നിരീക്ഷിക്കാനും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളിൽ ഐസൊലേറ്റ് ചെയ്യാനും ആശുപത്രികൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ അനുസരിച്ച് കാനഡയിൽ നിന്നുള്ള ഒരു യാത്രക്കാരനെ മാത്രമെ ഇതുവരെ രോഗലക്ഷണങ്ങളോടെ ഐസൊലേറ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) നടത്തിയ പരിശോധനയിൽ ഇയാൾക്ക് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചു.
നിരീക്ഷണം ശക്തമാക്കാനും കുരങ്ങുപനി ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്ത് അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കണം. എല്ലാ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ ഉദ്യോഗസ്ഥരോട് മന്ത്രാലയം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് അഞ്ചു മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. ആ സമയത്ത് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. രോഗലക്ഷണങ്ങളുടെ അഭാവം മൂലം വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ കാണാതെ പോയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
നിലവിൽ ബ്രിട്ടൻ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം കുരങ്ങുപനി ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുണ്ട്.
കുരങ്ങുപനി വന്നാൽ മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷൻ നിലവിലുണ്ട്.