അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേരിലൊരാൾ മലയാളി

Advertisement

അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട രണ്ട് പേരിലൊരാൾ മലയാളിയാണെന്ന് സ്ഥിരീകരിച്ചു.

ആലപ്പുഴ ചെങ്ങന്നൂർ വെൺമണി പാലത്തിട്ട മലയിൽ വീട്ടിൽ ശ്രീകുമാർ (43) ആണ് മരിച്ചത്. മരണപ്പെട്ട രണ്ടാമത്തെയാൾ പാകിസ്ഥാൻ സ്വദേശിയാണ്.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച കെട്ടിടത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലായിരുന്നു മരിച്ച ശ്രീകുമാർ ജോലി ചെയ്‍തിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ജനലിലൂടെ തെറിച്ചുവീണ ലോഹ കഷണം അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 120 പേരിൽ 106 പേരും ഇന്ത്യക്കാരാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. 56 പേർക്ക് സാരമായ പരിക്കും 64 പേർക്ക് നിസ്സാര പരിക്കുമാണുള്ളത്.

മലയാളികളടക്കമുള്ളവർ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. മലയാളികൾ നടത്തുന്ന ഫുഡ് കെയർ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.

ആദ്യം ചെറിയ തോതിലള്ള പൊട്ടിത്തെറിയാണുണ്ടായത്. ഉടൻ തന്നെ അബുദാബി പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. എന്നാൽ മിനിറ്റുകൾക്ക് ശേഷം വീണ്ടും പൊട്ടിത്തെറിയുണ്ടായതാണ് അപകടത്തിന്റെ വ്യാപ്‍തി വർദ്ധിപ്പിച്ചത്.

Advertisement