തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റില്‍.
അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാന്‍സിന് പുറകുവശം മാടന്‍വിള വീട്ടില്‍ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസില്‍ പ്രവീണ്‍ (32) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് 10 ഉം 12 ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച് അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി കാണാതായതിന് പിന്നാലെ അനീഷയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ അമ്മയായ അനീഷ സംരക്ഷണ ചുമതലയില്‍ നിന്നും ഒഴിഞ്ഞു മാറി പഴയകാല സുഹൃത്തായ കാമുകനോടൊപ്പം ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.
കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കാമുകന്റെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ അഞ്ചുതെങ്ങ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാര്‍, സിപിഒ ഷാന്‍, മനോജ് , ഹേമവതി എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.