ഈ സര്‍ക്കാര്‍ ജോലി കണ്ടുപിടിച്ചതു തന്നെ പാവപ്പെട്ട വീട്ടിലെ ആണ്‍കുട്ട്യോള്‍ക്ക് വല്യ വല്യ വീട്ടിലെ പെണ്‍പിള്ളേരെ കെട്ടി തമ്പുരാക്കന്‍മാരായി കഴിയാന്‍ വേണ്ടിയാണ്

Advertisement

.ദീപക്അനന്തന്‍

‘ഈ സര്‍ക്കാര്‍ ജോലി കണ്ടുപിടിച്ചതു തന്നെ പാവപ്പെട്ട വീട്ടിലെ ആണ്‍കുട്ട്യോള്‍ക്ക് വല്യ വല്യ വീട്ടിലെ പെണ്‍പിള്ളേരെ കെട്ടി തമ്പുരാക്കന്‍മാരായി കഴിയാന്‍ വേണ്ടിയാണ്.!
വിസ്മയ കേസിന്‍റെ ചാനല്‍ ചര്‍ച്ചയ്ക്ക് ബ്രോക്കര്‍ എരുമേലിയെ കൂടി വിളിച്ചിരുന്നെങ്കില്‍ മൂപ്പര് ഈ നിഗമനത്തിലെത്തിയേനേ.റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയ വിധിക്ക് ശേഷം സ്ത്രീജനങ്ങള്‍ക്ക് ഇത്രയും ആശ്വാസം പകര്‍ന്ന വേറൊരു വിധിയുണ്ടായിട്ടില്ലെന്ന് ബിസ്മയിച്ച് ഓരിയിടകയാണ് ചര്‍ച്ചകള്‍.സ്ത്രീധനം കണ്ടുപിടിച്ച കിരണ്‍കുമാറിനെ കയ്യോടെ പിടിച്ച് അകത്താക്കിയതിനാല്‍ ഇനി ഒരു പത്ത് കൊല്ലത്തേക്ക് ആരും സ്ത്രീധനം ചോദിക്കയുമില്ല.,കൊടുക്കേണ്ടതുമില്ല എന്ന് തോന്നിപ്പോകും ക്വട്ടേഷനടികള്‍ കേട്ടാല്‍.!

പട്ടാളം മാധവിയമ്മ പറയും പോലെ ചെറുക്കന്‍ നല്ല കലക്കനായിട്ടൊന്നും ഒരു കാര്യവുമില്ല.കഥയെഴുത്തുമായി വന്ന സ്വാമിയെ കെട്ടാനൊന്നും ഇപ്പോള്‍ ആളെ കിട്ടില്ല.ചെക്കന്‍ സര്‍ക്കാരുദ്യോഗ്യം എന്ന തലേലെഴുത്ത് ഉള്ളവനാകണം. കൈക്കൂലിക്കാരനാണെങ്കില്‍ ബഹുത്തച്ഛാ എന്ന് ചിന്തിക്കുന്ന അച്ഛന്‍മാരാണ് എരുമേലിയുടെ ക്ളയന്‍റുകള്‍.സര്‍ക്കാര്‍ ശമ്പളക്കാരന്‍ ആനയെ പോലെയാ.,നിന്നാലും ചത്താലും പന്തീരായിരമാ.മരുമോന്‍ ചത്താലും വേണ്ടില്ല.,മോള്‍ക്കൊരു സര്‍ക്കാര്‍ ജോലി കിട്ടുന്ന ഇടപാടാണ്. ഫാമിലി പെന്‍ഷന്‍ വേറെ.നിങ്ങളുടെ മോള്‍ക്ക് വേണ്ടി ഡിസ്ക്കെടുക്കണമെന്ന് മാധവിയമ്മയോട് പറഞ്ഞ പോലെ എരുമേലിമാര്‍ എത്ര അപ്പന്‍മാരോട് പറഞ്ഞിട്ടുണ്ടാകാം.
നൂറുപവനും കാറും ഒപ്പിക്കാന്‍ അവര്‍ ഡിസ്‌ക്കെടുത്തിട്ടുമുണ്ടാകാം.!

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന് പി.എസ്.സി കോച്ചിംഗ് സെന്‍ററുകള്‍ക്ക് മുന്നില്‍ ഒരു അദൃശ്യ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് കൊല്ലം കുറെയായി.കാമുകന് സര്‍ക്കാര്‍ ജോലി കിട്ടുന്നതും പാവപ്പെട്ട കാമുകിയെ കെട്ടുന്നതുമൊക്കെ സിനിമാക്കഥകളാണ്.ജീവിക്കാന്‍ മറന്ന സ്ത്രീ എന്ന സിനിമാപ്പേര് പോലെ പ്രേമിക്കാന്‍ മറന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കാര്യങ്ങളെന്ന് എരുമേലി സാക്ഷ്യപ്പെടുത്തുന്നു.

പി.എസ്.സിക്കാരന്‍ കണ്ണില്ലാത്ത പ്രേമത്തിന് പോയാല്‍ കണ്ണ് മഞ്ഞളിച്ചെന്ന് വരില്ല.അറേഞ്ച്ഡ് കച്ചവടമാണെങ്കില്‍ വീട്ടിലെ ദാരിദ്ര്യത്തിന് വിവിധ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ എരുമേലിമാര്‍ കൊണ്ടുവരും.!ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞം സമ്പൂര്‍ണ്ണ വിജയം നേടിയത് കൊല്ലം ജില്ലയിലാണത്രേ.! KPSC എന്നത് കൊല്ലം പബ്ളിക്ക് സര്‍വ്വീസ് കമ്മീഷന്‍ ആയതായി ലിസ്റ്റുകളിലെ കൊല്ലം ജില്ലക്കാരുടെ എണ്ണപ്പെരുപ്പം കാട്ടി എരുമേലി അടിവരയിടുന്നു.എന്‍ട്രന്‍സിന് പാലയാണെങ്കില്‍ സര്‍ക്കാര്‍ ജോലിയെ തളയ്ക്കാനുള്ള പാലമരങ്ങള്‍ കൊല്ലം,കരുനാഗപ്പള്ളി താലൂക്കുകളിലെ കോച്ചിംഗ് സെന്‍ററുകളാണ്.!

അന്യ ജില്ലക്കാര്‍ സ്ത്രീധനത്തിന്‍റെ ഹബ്ബായാണ് കൊല്ലത്തെ കാണുന്നത്.കൊല്ലം കണ്ടു പോയാല്‍ ഇല്ലം കൂടി പോക്കാണെന്നതിനാല്‍ ജില്ലയിലേക്ക് ആരും പെണ്ണിനെ കെട്ടിച്ചു വിടാത്ത സ്ഥിതിയും ആയിട്ടുണ്ടേന്ന് എരുമേലി.സര്‍ക്കാരുദ്യോഗവും കൊട്ടക്കണക്കും കൊല്ലത്തെ കല്യാണത്തിന്‍റെ കടമ്പകളായതോടെ വിസ്മയിപ്പിക്കാന്‍ ശേഷിയില്ലാത്ത അച്ഛനമ്മമാരാണ് പെട്ടുപോയത്. മകള്‍ക്ക് സ്വന്തം ജില്ലയില്‍ നിന്ന് മെച്ചപ്പെട്ട ഒരു ബന്ധം കിട്ടാന്‍ കിടപ്പാടം നഷ്ടപ്പെടുത്തേണ്ട ഗതികേടിലായ കൊല്ലത്തെ അച്ഛന്‍മാര്‍ ഭാവിയില്‍ വിഷമിക്കേണ്ടി വരില്ലെന്ന്
കെ – റെയില്‍ അനുകൂലിയായ എരുമേലി കണ്‍ക്ളൂഡ് ചെയ്യുന്നു.അതായത് മാധവിയമ്മേ..
”…ഈ കെ – റെയില്‍ കണ്ടുപിടിച്ചതു തന്നെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ട്യോള്‍ക്ക്, വല്യ സ്ത്രീധനം വേണ്ടാത്ത വടക്കന്‍ ജില്ലകളിലെ വീടുകളില്‍ പോയി തമ്പുരാട്ടിമാരായി കഴിയാനാണ്…!”
യേത്..ഞമ്മടെ കെ- റെയിലെന്ന്..!

Advertisement