വില്ലനെ ആക്രമിച്ച വില്ലന്റെ കഥ തുറന്നു പറയുകയാണ് സുധീര്‍,
സിനിമയില്‍ ശത്രുക്കളെ അടിച്ചുപറത്തുന്ന വില്ലനാണെങ്കിലും അപ്രതീക്ഷിതമായി ഒരു വില്ലന്റെ ആക്രമണം നേരിടേണ്ടിവന്നകഥയാണ് സുധീര്‍ പറയുന്നത്. സിനിമ എന്നാല്‍ അവസരവും സമയവുമാണ്. അവസരത്തിലേക്കുള്ള കുതിപ്പിലാണ് വില്ലന്റെ പിടി വീണത്, അത് സുധീറിന്റെ മോഹത്തെ വല്ലാതെ പിന്നോട്ടുവലിച്ചു. എങ്കിലും അതിനെ മറികടന്ന് കുതിക്കുകയാണിപ്പോള്‍ ഈ വില്ലന്‍. സ്‌ക്രീനില്‍ കഥാപാത്രങ്ങളായി കാണുമ്‌ബോള്‍ നടീ നടന്മാരുടെ രോഗ വിവരം ഉള്‍പ്പെടെയുള്ള വിഷമതകള്‍ പ്രേക്ഷകര്‍ അറിയാറുപോലുമില്ല.
ഒരു ആപ്പിള്‍ കിട്ടിയാല്‍ പോലും നല്ല പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് ഞാന്‍ കഴിച്ചിരുന്നത്. അങ്ങനെയുള്ള എനിക്ക് കാന്‍സര്‍ പോലൊരു അസുഖം വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ഭക്ഷണ കാര്യത്തിലും, വ്യായാമ കാര്യത്തിലും കൃത്യമായ ശ്രദ്ധ കൊടുക്കാറുമുണ്ട്. 2010 മുതല്‍ ഞാന്‍ ബോഡി ബില്‍ഡറാണ്. ഭക്ഷണ ശൈലി കാരണം ഉണ്ടായ ക്യാന്‍സറായിരുന്നു. അസുഖത്തെക്കുറിച്ച് അറിഞ്ഞതും വല്ലാതെ തളര്‍ന്നു പോയെന്നും താരം പറയുന്നു.
എന്നാല്‍, ആ സമയത്തും എന്റെ തൊഴിലായ സിനിമയോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. അസുഖം തിരിച്ചറിഞ്ഞ സമയത്തു ഒരു തെലുങ്ക് സിനിമ ചെയ്യാന്‍ കമ്മിറ്റിമെന്റ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞു സര്‍ജറി ചെയ്യാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. അപകടകരമായ അവസ്ഥയിലാണെന്നും ഉടന്‍ സര്‍ജറി വേണമെന്നും ഡോക്ടര്‍ പറഞ്ഞു. സര്‍ജറി കഴിഞ്ഞ് സ്റ്റിച്ച് എടുത്ത ശേഷമാണ് ബാക്കി ഷൂട്ടിന് പോയത്. അന്ന് ഫൈറ്റ് സീനായിരുന്നു ഷൂട്ട്. ഷൂട്ടിനിടയില്‍ സ്റ്റിച്ച് പൊട്ടി ചോര വന്നിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. ഇപ്പോഴും ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. വലിയ കുഴപ്പമൊന്നുമില്ലെന്നും താരം പറയുന്നു.