പത്തനംതിട്ട: നഗരത്തിലെ കവിത ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ സാഹസികമായി അഗ്‌നിശമനസേന രക്ഷപ്പെടുത്തി.
ചിറ്റാർ സ്വദേശിനി മറിയാമ്മയാണ് അരമണിക്കൂർ നേരം ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.മറിയാമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നാമത്തെ നിലയിൽ നിന്ന് ഡോക്ടറെ കണ്ടശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു മറിയാമ്മ. പുറത്തേക്കിറങ്ങുന്നതിനിടെ മധ്യവയസ്‌കയുടെ കാൽ ലിഫ്റ്റിനിടയിൽ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. അങ്ങനെ മറിയാമ്മയുടെ കാലുകൾ മുകളിൽ ആവുകയും തലതാഴോട്ടുമായ അവസ്ഥയിലായിരുന്നു. അരമണിക്കൂർ നേരം ഇതുപോലെ ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന അതിവിദഗ്ധമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. മറിയാമ്മയ്ക്ക് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലിന് അസുഖമുള്ളതിനാൽ ലിഫ്റ്റിൽ നിന്ന് സമയത്തിനുള്ളിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അസുഖമുള്ള കാൽതന്നെ ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തു. ലിഫ്റ്റിന്റെ സെൻസർ വർക്ക് ചെയ്യാത്തതാവാം കാരണമാണെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്.