തെന്നിന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ തന്റെ മൂത്ത മകളുടെ സിനിമാ പ്രവേശന വിശേഷവുമായാണ് എത്തിയിരിക്കുന്നത്.
ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദറിന്റെയും മൂത്തമകൾ അവന്ദികയും അഭിനയത്തിലേക്ക്. ലണ്ടനിലെ ആക്റ്റിംഗ് സ്കൂളിൽ നിന്നും കോഴ്സ് പൂർത്തീകരിച്ചിരിക്കുകയാണ് അവന്ദിക ഇപ്പോൾ. കരിയർ സ്വന്തമായി പടുത്തുയർത്താനാണ് മകൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ മകളെ താനോ സുന്ദറോ എവിടെയും ശുപാർശ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഖുശ്ബു ട്വീറ്റിൽ പറഞ്ഞു.
“എന്റെ മൂത്തയാൾ ലണ്ടനിലെ ഏറ്റവും പ്രശസ്‌തമായ അഭിനയ സ്‌കൂളിൽ നിന്നും അഭിനയ കോഴ്‌സ് പൂർത്തിയാക്കി. സ്വന്തമായി കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതിനാൽ അവളുടെ പോരാട്ടം ഇപ്പോൾ ആരംഭിക്കുന്നു. അതിനാൽ ഞങ്ങൾ അവളെ ലോഞ്ച് ചെയ്യുകയോ എവിടെയും ശുപാർശ ചെയ്യുകയോ ചെയ്യില്ല. അവൾക്ക് നിങ്ങളുടെ അനുഗ്രഹം വേണം,” ഖുശ്ബുവിന്റ ട്വീറ്റിൽ പറയുന്നതിങ്ങനെ.
അവന്ദികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടിയുണ്ട് ഖുശ്ബു, സുന്ദർ ദമ്പതികൾക്ക്.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ‘ലാവാരിസ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയിൽ സജീവമല്ലെങ്കിലും രാഷ്ട്രീയത്തിൽ സജീവമാണ് ഖുശ്ബു, അടുത്തിടെ ഖുശ്ബു കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.
രജനീകാന്തിന് ഒപ്പം അഭിനയിച്ച ‘അണ്ണാതെ’ ആണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ഖുശ്ബു ചിത്രം.