വനിതാ കണ്ടക്ടറെ ശല്യം ചെയ്തു; ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച്‌ തകർത്ത് യാത്രക്കാരൻ

Advertisement

കോട്ടയം: വനിതാ കണ്ടക്ടറെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച്‌ തകർത്ത് യാത്രക്കാരൻ.
മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചിങ്ങവനം പുതുപ്പറമ്ബിൽ സനൽ കുമാറിനെ(48)യാണ് പരിക്കുകളോടെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഡ്രൈവറെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ റെയിൽവേയിൽനിന്ന് വിരമിച്ച ജീവനക്കാരൻ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൺട്രോൾ റൂം എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്‌ആർടിസി സ്റ്റാൻഡിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ജേക്കബ്, വനിതാ കണ്ടക്ടറെ ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന ഡ്രൈവർ സനൽകുമാർ ജേക്കബിനെ താക്കീത് ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ജേക്കബ് സനലിനെ ആക്രമിച്ചത്. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂം വാഹനത്തിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജേക്കബിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.