അർബുദ രോ​ഗിയായ 73 വയസുകാരനേയും ചെറുമക്കളേയും ഇറക്കിവിട്ട നടപടി ; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

Advertisement

തിരുവനന്തപുരം; കഴിഞ്ഞ മേയ് 23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത 73 വയസുള്ള അർബുദ രോ​ഗിയായ ആൾ, 13, 7 വയസ് ഉള്ള കൊച്ചുമക്കളേയും കൊണ്ട് യാത്ര ചെയ്യവെ ഇളയ കുട്ടിക്ക് പ്രഥമികാവശ്യത്തിന് വേണ്ടി കണ്ടക്ടർ ബസ് നിർത്തി സൗകര്യം ചെയ്യാതെ ബസിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.

മാധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയ തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ആയ ജിൻസ് ജോസഫിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരി​ഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെ ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും, കൃത്യ നിർവ്വഹണത്തിലെ ​ഗുരുതര വീഴ്ചയുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.