യുവനടിയെ പീഡിപ്പിച്ച കേസ്‌; വിജയ്‌ ബാബുവിനെ സഹായിച്ച സൈജു കുറുപ്പിനെ ചോദ്യംചെയ്‌തു

Advertisement

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പിനെ ചോദ്യം ചെയ്‌തതായി സിറ്റി പൊലീസ്‌ കമ്മീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞു. സൈജു കുറുപ്പ്‌ ഉൾപ്പെടെ നാല് പേരെയാണ്‌ അന്വേഷക സംഘം ചോദ്യം ചെയ്‌തത്‌. യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടാണോ വിജയ് ബാബുവിനെ സഹായിച്ചതെന്ന്‌ പൊലീസ് പരിശോധിച്ച് വരികയാണെന്ന്‌ കമ്മീഷണർ പറഞ്ഞു.

മറ്റ് മൂന്ന് പേരുടെ പേര് പുറത്തുവിട്ടിട്ടില്ല. അറിഞ്ഞുകൊണ്ടാണ് സഹായിച്ചതെങ്കിൽ സൈജു കുറുപ്പിനെ കേസിൽ പ്രതിചേർത്തേക്കും. ശനിയാഴ്‌ചയായിരുന്നു ഒരുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. സൈജുവിനെ വീണ്ടും വിളിപ്പിക്കുമെന്നാണ്‌ സൂചന. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിൽ വിജയ്‌ ബാബുവിന്റെ ബന്ധു എത്തിച്ച കാർഡുകൾ നെടുമ്പാശ്ശേരി വഴി ദുബായിൽ നേരിട്ടെത്തിയാണ്‌ സൈജുകുറുപ്പ്‌ കൈമാറിയതെന്നാണ്‌ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. വിജയ്‌ ബാബു ക്രെഡിറ്റ്‌ കാർഡ്‌ വഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ്‌ ശേഖരിച്ചു. തുടർന്നാണ്‌ എറണാകുളം സൗത്ത്‌ പൊലീസ്‌ സൈജുകുറുപ്പിനെ ചോദ്യംചെയ്‌തത്‌.

സാക്ഷികളുടെ മൊഴിയെടുക്കാൽ പൂർത്തിയായാൽ വിജയ്‌ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. വിജയ്‌ ബാബുവിന്റെ പിടിച്ചെടുത്ത രണ്ട്‌ ഫോൺ ശാസ്‌ത്രീയ പരിശോധനയ്ക്ക്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബിലേക്ക്‌ അയച്ചു. റിപ്പോർട്ട്‌ ഈ മാസം അവസാനം ലഭിക്കും. സൈജുകുറുപ്പുമായി വിജയ്‌ ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും നടിയുമായുള്ള വാട്‌സാപ് ചാറ്റുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോറൻസിക്‌ റിപ്പോർട്ടിൽനിന്ന്‌ ലഭിക്കുമെന്നും അന്വേഷകസംഘം പ്രതീക്ഷിക്കുന്നു. 30 സാക്ഷികളിൽനിന്ന് ഇതു വരെ മൊഴിയെടുത്തു. വിജയ്‌ ബാബു യുവനടിയുമായി കൊച്ചിയിൽ ഹോട്ടലിൽ എത്തിയതിന്‌ ഒരു ഗായകനും ഭാര്യയും സാക്ഷികളാണ്‌. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.

Advertisement