വെള്ളം ചേരാത്ത നാട്ടിന്‍പുറത്തുകാരന്‍

Advertisement

മുരളീധരൻ തഴക്കര .

പ്രയാർ ഗോപാലകൃഷ്ണൻ എത്ര പെട്ടെന്നാണ് തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞത് ,ആകസ്മികം !
അവിശ്വസനീയം
പ്രയാറുമായുള്ള ആത്മ സൗഹൃദത്തിന് മൂന്നു പതിറ്റാണ്ടുകളുടെ ദൈർഘ്യമുണ്ട്. കേരളം കണി കണ്ടുണരുന്ന നന്മയായ ‘മിൽമ ‘ എന്ന ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ പ്രഥമ സാരഥി ! പശുവളർത്തലിലെ സ്വന്തം അറിവനുഭവങ്ങളിലൂടെ കേരളത്തിലെകന്നുകാലി വളർത്തുകാരുടെ മനസ്സ് തൊട്ടറിഞ്ഞ പച്ചയായ നാട്ടിൻപുറത്തുകാരൻ
മിൽമ ചെയർമാൻ, നിയമസഭാ സാമാജികൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്,
സർവോപരി സത്യസന്ധനായ, കൃത്യമായ നിലപാടുകളുള്ള പൊതുപ്രവർത്തകൻ . പ്രയാർ ആകാശവാണിക്കും, ആകാശവാണിക്ക് പ്രയാറും സ്വന്തമായിരുന്നു.


മിൽമയുമായി ചേർന്ന് ആകാശവാണി പ്രക്ഷേപണം ചെയ്ത പാലിലൂടെ സമ്പൽ സമൃദ്ധി
എന്ന കൃഷി പാഠപരമ്പര.ക്ഷീര കർഷകർക്ക് ഉണർത്തുപാട്ടായി മാറി.ഈ പ്രക്ഷേപണ പരമ്പരക്ക് പിന്നിലെ ചാലക ശക്തി പ്രയാറായിരുന്നു. ഈ പാഠപരമ്പര മിൽമ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. നിരവധി ഭാഷകളിലേക്ക് ഈ ആധികാരിക ഗ്രന്ഥം മൊഴിമാറ്റം നടത്തുകയും ചെയ്തു. ശ്രദ്ധേയമായ ഈ കൃഷി പാഠത്തിന്റെ പ്രക്ഷേപണത്തിനും , പുസ്തക പ്രസാധനത്തിനും ചുക്കാൻപിടിച്ച ആകാശവാണി സ്റ്റേഷൻ ഡയറക്ടറായി വിരമിച്ച എബ്രഹാം ജോസഫ് സാറിനെയും ഇവിടെ സ്നേഹാദരപൂർവം സ്മരിക്കുന്നു.

കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കുമായി പ്രയാറിന്റെ എണ്ണമറ്റ അഭിമുഖങ്ങൾ നടത്തുവാൻ അവസരമുണ്ടായി എന്നതും ഒരു ജീവിത പുണ്യമായി കരുതട്ടെ. വയലും വീടും കാർഷികോത്സവങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന പ്രയാറുമൊന്നിച്ച് എത്രയെത്ര യാത്രകൾ
ചലച്ചിത്ര ഗാനങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പൂന്തേനരുവി പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ഇഷ്ടഗാനങ്ങളായി തെരഞ്ഞെടുത്തതെല്ലാം പാലും പശുവും ഗ്രാമനന്മകളും നിറഞ്ഞു നിന്ന പാട്ടുകളായിരുന്നു .


റേഡിയോ ഗ്രാമരംഗം പരിപാടിയിൽ പങ്കെടുത്തപ്പോൾ – തന്റെ ജീവിതത്തിന് വഴിയും വെളിച്ചവുമായിരുന്ന അമ്മയെക്കുറിച്ചുളള ഓർമകൾ പങ്കുവെച്ചത്
ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റപ്പോൾ ബോർഡ് ആസ്ഥാനത്ത് നടന്ന ധന്യമായ ചടങ്ങ് ശബ്ദലേഖനം ചെയ്ത് പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതും ഓർമ്മയിലെ സുഗന്ധമാണ് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാറിനൊപ്പം 2016 ജനുവരി ഒന്നിന് പുതു വർഷപ്പുലരിയിൽ ശബരീശ സന്നിധിയിൽ ശ്രീകോവിലിന് തൊട്ടു മുന്നിൽ നിന്ന് നിർമ്മാല്യ ദർശനം നടത്താൻ കഴിഞ്ഞതിന്റെ ദിവ്യാനുഭൂതി ഒരു അവിസ്മരണീയ അനുഭവമായിരുന്നു.

അങ്ങനെ എന്തെല്ലാം എന്തെല്ലാം മധുരിക്കുന്ന
ഓർമകൾ സ്വപ്രയത്നത്താലും ജീവിത വിശുദ്ധിയാലും ലാളിത്യത്താലും അചഞ്ചലമായ ഈശ്വര വിശ്വാസത്താലും – കെട്ടിപ്പടുത്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
എന്റെ പിതാവിന്റെ നാമധേയത്തിൽ തഴക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന എ ജി പി ഫൗണ്ടേഷന്റെ വാർഷിക സമ്മേളനത്തിൽ വെച്ച് ” മായുന്ന ഗ്രാമക്കാഴ്ചകൾ”
എന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്റെ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത് പ്രയാറായിരുന്നു. ഓച്ചിറ പരബ്രഹ്മവും ,കോൺക്രീറ്റ് സമുച്ചയങ്ങളില്ലാത്ത
പ്രകൃതിയോടു ലയിച്ചു ചേർന്ന ഓച്ചിറയിലെ ക്ഷേത്രാന്തരീക്ഷവും ഈ പ്രയാറുകാരന് ജീവിത വിജയത്തിന്റെ ഊർജ്ജ സ്രോതസ്സായിരുന്നു. എല്ലാ തിരക്കിനിടയിലും ഒരു വർഷം പോലും മുടങ്ങാതെ ഓച്ചിറയിൽ ഭജനമിരിക്കുകയെന്നത് ഒരു ജീവിതനിഷ്ഠയായിരുന്നു ഈ വേറിട്ട രാഷ്ട്രീയക്കാരന്.

ഒരു നല്ല രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ഒരു നല്ല മനുഷ്യൻ , പച്ചയായ സാധാരണ മനുഷ്യൻ എന്ന വിശേഷണമാണ് അദ്ദേഹത്തിന് ഏറെ അനുയോജ്യം ഒരു ചെറു പുഞ്ചിരിയോടെ ആകാശവാണിയിലേക്ക് കടന്നുവരുന്നപ്രയാർ ഗോപാലകൃഷ്ണൻ എന്ന ആത്മബന്ധു ഒരിക്കലും മരിക്കാത്ത ഓർമ്മയായി എന്റെയും എന്നെപ്പോലെ ഒരുപാടു പേരുടെയും ഹൃദയത്തിൽ ജീവിയ്ക്കുമെന്നതു് തീർച്ചയാണ്. ദീപ്തമായ ആ ഓർമക്കു
മുന്നിൽ വിനീത പ്രണാമം .
(എഴുത്തുകാരനും ആകാശവാണി മുന്‍ ഉദ്യോഗസ്ഥനുമാണ് ലേഖകന്‍)

Advertisement