തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥ അറസ്റ്റിൽ.
പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വിനീത വർഗീസിനെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യവകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വിനീത വർഗീസിനെ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു.
തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുതിരുന്നു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് അപകടത്തിന് കാരണം.
മാർക്കറ്റ് റോഡിൽ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. കഴിഞ്ഞദിവസമാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു