അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിനെതിരെ ആരോപണവുമായി കുടുംബാംഗങ്ങൾ

Advertisement

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിനെതിരെ ആരോപണവുമായി മധുവിന്റെ കുടുംബാംഗങ്ങൾ രംഗത്ത്.

കേസിലെ പ്രധാന സാക്ഷികളുടെ വിചാരണ ഇന്നു തുടങ്ങാനിരിക്കെയാണ് ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. സർക്കാർ നിയമിച്ച രണ്ടു പ്രോസിക്യൂട്ടർമാർക്കും ഇതുവരെ ഫീസ് നൽകിയിട്ടില്ല. മുൻപു നിയമിച്ച പ്രോസിക്യൂട്ടർമാർ ഫീസ് ലഭിക്കാത്തതിനാലാണു പിന്മാറിയത്.
പ്രോസിക്യൂട്ടർമാർക്കു ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ആരോപിച്ചു.

2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ നടന്നുവരികയാണ്. ഭരണത്തിലിരിക്കുന്ന പാർട്ടിയുമായി പ്രതികൾക്ക് അടുപ്പമുള്ളതായി സംശയിക്കുന്നതായും നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കേസിലെ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും ആരോപിച്ചു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ സഹിതം അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.