കെ എസ് ആർ ടി സി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആദ്യം ശമ്പളം നൽകണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: ശമ്പള വിതരണം വൈകിയതിനെ തുടർന്ന് കെഎസ്ആർടിസിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സത്യ​ഗ്രഹ സമരം ആരംഭിച്ച പശ്ചാത്തലത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.

ഇതുവരെ വിതരണം ചെയ്യാത്ത മെയ് മാസത്തെ ശമ്പളം ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നൽകണമെന്ന് കോടതി ഉത്തരവിട്ടു. സൂപ്പർവൈസർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അതുകഴിഞ്ഞ് ശമ്പളം നൽകിയാൽ മതിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കേസ് ഈ മാസം 21ലേക്ക് മാറ്റി.

കെ എസ് ആർ ടി സിക്ക് വേണ്ടി കൂടുതൽ അധ്വാനിക്കുന്നവർ ഡ്രൈവർമാരും കണ്ടക്ടർമാരുമാണെന്നും ഇവർക്കാണ് ആദ്യം ശമ്പളം നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവർക്ക് വേഗത്തിൽ ശമ്പളം നൽകണം. കെ എസ് ആർ ടി സി മാത്രം എന്തുകൊണ്ടാണ് നഷ്ടത്തിലാകുന്നതെന്നും കോടതി ചോദിച്ചു.

ലാഭത്തിലാകാൻ വേണ്ട തന്ത്രങ്ങൾ മെനഞ്ഞ് നടപ്പാക്കേണ്ടവരാണ് മാനേജ്‌മെന്റ്. അല്ലാതെ കണക്കുവിവരങ്ങൾ മാത്രം പരിശോധിക്കേണ്ടവരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കെ എസ് ആർ ടി സിയിൽ ശമ്പളം വൈകിയാണ് വിതരണം ചെയ്തത്.

Advertisement