തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച അഞ്ചുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നും എറണാകുളത്തുതന്നെയാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 796 കേസുകളാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്തും കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. പുതുതായി ഏഴായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 40 ശതമാനം വർധന രേഖപ്പെടുത്തി.
ഈ ആഴ്ചയോടെ പ്രതിദിന കേസുകൾ 10,000 കടക്കുമെന്നാണ് മുന്നറിയിപ്പ്. രോഗവ്യാപനം കൂടിയ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രതിരോധം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന രോഗബാധിതരുടെ എണ്ണം 2,000 കടന്നതാണ് രാജ്യത്തെ ആകെ കേസുകളിലും പ്രതിഫലിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേരളത്തിലും മഹാരാഷ്ട്രയിലും കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങളിലും കോവിഡ് പരിശോധന ഊർജമാക്കാൻ നിർദേശം നൽകിയേക്കും.