സമരസേനാനി ബിരിയാണിചെമ്പ് പൊലീസ് തടങ്കലില്‍, രാജി ആവശ്യം വിട്ട് ചെമ്പ് തായോ എന്ന് മുദ്രാവാക്യം

Advertisement

കാസർഗോഡ്. കളക്ട്രേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സമരം നയിച്ച ബിരിയാണി ചെമ്പ് വിവാദ നായകനായി. മാർച്ചിനിടെ വലിച്ചെറിഞ്ഞ ചെമ്പ് പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തിരികെ നൽകാത്തതോടെ രാജി ആവശ്യം മാറ്റിവച്ച് ചെമ്പ് നൽകണമെന്നായി പ്രവർത്തകരുടെ നിലപാട്. വാടകയ്ക്ക് എടുത്ത ചെമ്പിന് നല്ലവിലകൊടുക്കാതെ ഉടമ കൈവിട്ടുകളയില്ല. അതാണ് ചെമ്പിനുവേണ്ടി സമരം മാറിയതിന് പിന്നില്‍


മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കാസർഗോഡ് കളക്ട്രേറ്റിലേക്ക് ബിരിയാണി ചെമ്പുമേന്തിയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

സമാധാനപരമായി പുരോഗമിച്ച മാർച്ചിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെ ആകെ രൂപം മാറി. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർ ബിരിയാണി ചെമ്പ് കളക്ട്രേറ്റിലേക്ക് വലിച്ചെറിഞ്ഞു

പൊലീസ് സംയമനം പാലിച്ചതോടെ മറ്റ് സംഘർഷങ്ങൾ ഇല്ലാതെ മാർച്ച് അവസാനിച്ചു. എന്നാൽ പിന്നീടായിരുന്നു യഥാർത്ഥ പ്രതിഷേധം. ആവേശത്തിൽ വലിച്ചെറിഞ്ഞ ചെമ്പ് തിരിച്ചുതരണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.. തരാൻ സാധിക്കില്ലെന്ന് പൊലീസും.

കോൺഗ്രസ് പ്രവർത്തകർ എത്ര വാദിച്ചിട്ടും പൊലീസ് വഴങ്ങിയില്ല. ഒടുവിൽ വിവാദ നായകനായ ബിരിയാണി ചെമ്പ് പൊലീസ് കസ്റ്റഡിയിൽ പൊലീസ് സ്റ്റേഷനിലേക്ക് മാറി.

Advertisement