പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ വിവാദങ്ങൾ സംസ്ഥാനത്ത് പുകയുന്നതിനിടെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം.
ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്. ഇന്ന് മാധ്യമങ്ങളെ കാണാൻ ഉദേശിക്കുന്നില്ലെന്നും സ്വപ്നയുടെ ഓഫീസ് അറിയിച്ചു. പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ ഇന്നലെ അവർ പുറത്ത് വിട്ടിരുന്നു.
ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാർത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാം. ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും പറഞ്ഞു.
താൻ വാടക ഗർഭപാത്രം വാഗ്ദാനം ചെയ്തെന്ന ഷാജ് കിരണിൻറെ പരാമർശത്തോടും സ്വപ്ന സുരേഷ് പ്രതികരിച്ചു. അമ്മയാകില്ലെന്ന ഷാജ് കിരണിൻറെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് താൻ പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും ഞാൻ അറിയിച്ചത്. ആരോഗ്യം അനുവദിക്കുകയാണെങ്കിൽ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്.
ഒരു സ്ത്രീയുടെ വേദനയാണ് ഞാൻ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കിൽ ഞാനും കുറെ അനുഭവിച്ചേനെ. ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര് പോയിട്ടുണ്ടാവും. എല്ലാ റിസ്ക്കും എടുത്ത് ഒരു കുഞ്ഞിനെ നൽകാമെന്നാണ് ഞാൻ പറഞ്ഞത്. അതിലെന്തേലും കുഴപ്പമുണ്ടേൽ ആർക്കുവേണേലും എന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.