കൊല്ലത്തെ കു‍ഞ്ഞിനെ കാണാതായ സംഭവം: അടിമുടി ദുരൂഹത

Advertisement

അഞ്ചൽ∙ പതിമൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനും പരിഭ്രാന്തിക്കും ഒടുവിലാണ്അഞ്ചലിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തിയത്. രണ്ടുവയസുകാരൻ മുഹമ്മദ് അഫ്രാനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ സംഭവത്തിൽ ദുരൂഹത ഏറെയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

‘‘വെള്ളിയാഴ്ച മുഴുവനും പെരുമഴയത്തു ഞങ്ങൾ ആ കൊച്ചിനു വേണ്ടി അലയുകയായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല. രാത്രി 12 മണിയായിട്ടും മഴ തോരാതായപ്പോഴാണ് തിരച്ചിൽ ശനിയാഴ്ച പുലർച്ചെക്കു മാറ്റിയത്. വീടിനു 300 മീറ്റർ അകലെ റബർ തോട്ടത്തിൽ രാവിലെ കുഞ്ഞിനെ ആരോ കൊണ്ടുവന്നു വച്ചതാണെന്ന കാര്യത്തിൽ തർക്കമില്ല. കുഞ്ഞ് പേടിച്ചിട്ടില്ല’’– നാട്ടുകാർ പറയുന്നു.

വെള്ളിയാഴ്ച മുഴുവൻ നാട്ടുകാർ അരിച്ചു പെറുക്കിയ പ്രദേശത്ത് നിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് പ്രദേശവാസികൾ. കുട്ടി പോകാൻ ഇടയുള്ള പ്രദേശങ്ങളിലും തൊട്ടടുത്ത വീടുകളിലുമെല്ലാം നാട്ടുകാർ സംഘം ചേർന്ന് അന്വേഷിച്ചിരുന്നു. രാവിലെ 7.15 ഓട് കൂടി ടാപ്പിങ് തൊഴിലാളിയായ സുനിൽ ആണ് സമീപത്തെ റബർ തോട്ടത്തിൽ ഇരിക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. വസ്ത്രത്തിൽ ചെറുതായി ചെളി പുരണ്ടിരുന്നു, ശരീരത്ത് ചെറിയ നനവ് മാത്രമാണ് ഉണ്ടായിരുന്നത്. തലേദിവസത്തെ പെരുംമഴ നനഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു സുനിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാത്രി മുഴുവൻ വീടിന്റെ പുറത്ത് കഴിഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ കുഞ്ഞിൽ കണ്ടിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

തടിക്കാട് കാഞ്ഞിരത്തറ കൊടിഞ്ഞമൂല പുത്തൻ വീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും ഇളയ മകൻ മുഹമ്മദ് അഫ്രാനെ വെള്ളി വൈകിട്ട് ആറോടെയാണു കാണാതായത്. കുട്ടിയെ മുത്തശ്ശിയുടെ അടുത്തു നിർത്തിയശേഷം അമ്മ ഫാത്തിമ മൂത്ത കുട്ടിയുമൊത്ത് തൊട്ടടുത്ത പുരയിടത്തിൽ പോയതിനു പിന്നാലെയാണു കുഞ്ഞിനെ കാണാതായത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടു ഫാത്തിമ ഓടിയെത്തിയെങ്കിലും കുഞ്ഞിനെ കണ്ടില്ല.

ബഹളം കേട്ടു പരിസരവാസികൾ അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതെത്തുടർന്നു പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെ വിവരം അറിയിച്ചു. സമീപത്തെ കിണറുകളും കുഴികളും പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. അ‍ഞ്ഞൂറോളം വരുന്ന നാട്ടുകാരും പൊലീസും രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലം കണ്ടില്ല. റബർ തോട്ടങ്ങൾ നിറഞ്ഞ സ്ഥലമായതിനാലും വെളിച്ചക്കുറവും കനത്തമഴയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതിനാലും പാതിരാത്രിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

വിജനമായ സ്ഥലത്ത് എങ്ങനെ കുട്ടിയെത്തിയെന്ന കാര്യം പരിശോധിക്കുകയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ എടുത്തു കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവച്ചതാണെന്ന സംശയത്തിൽ കുട്ടിയുടെ വസ്‌ത്രങ്ങൾ അടക്കം പൊലീസ് പരിശോധിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് ചെളി പുരണ്ടിട്ടുണ്ടെന്നും മഴ നനഞ്ഞിട്ടുണ്ടെന്നുമാണ് കുട്ടിയെ പരിശോധിച്ച ഡോക്ടർ നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ പിതാവ് വിദേശത്താണ്.