കൊച്ചി: കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ടു ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മെട്രോ സ്റ്റേഷനിൽ യാത്ര ചെയ്യാൻ എത്തിയതാണ് തങ്ങളെന്ന് ഇവർ പറഞ്ഞിട്ടും ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങൾ പ്രതിഷേധിക്കാൻ വന്നതല്ലെന്ന് ഇവർ ജീപ്പിലിരുന്ന് പറയുന്നുണ്ടായിരുന്നു. കലൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിക്കരികെയാണ് വിചിത്ര നീക്കം.
ബലം പ്രയോഗിച്ച് ഇവരെ പൊലീസ് മാറ്റി. കറുത്ത വേഷം ധരിച്ചായിരുന്നു ഇരുവരും എത്തിയത് എന്ന കാരണത്താൽ ആയിരുന്നു പൊലീസിന്റെ ഈ നീക്കം. അതേസമയം, പ്രതിഷേധങ്ങൾ മുന്നിൽക്കണ്ട് കറുത്ത മാസ്കിനടക്കം വിലക്കേർപ്പെടുത്തുന്ന അസാധാരണ നീക്കമാണ് സംസ്ഥാനം ഇന്ന് കണ്ടത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന കലൂരിലെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകരോട് കറുത്ത മാസ്ക് നീക്കാൻ പൊലീസ് നിർദ്ദേശിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന കൊച്ചിയിലെ രണ്ട് വേദികളിലും സമീപത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ഗതാഗതം പൂർണമായും നിരോധിക്കുകയും, പ്രതിഷേധങ്ങൾക്ക് തടയിടാൻ ഇടവഴികളിൽപോലും ഗതാഗതം വിലക്കുകയും ചെയ്തിരുന്നു.