മുംബൈ: പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഡിസിപിയുടെ അനുമതി വേണമെന്ന ഉത്തരവിനെതിരെ അഭിഭാഷകരും ബാലാവകാശ പ്രവര്‍ത്തകരും രംഗത്ത്. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് മേധാവി സഞജയ് പാണ്ഡെയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.
ഇത് നിയമത്തെ വെല്ലുവിളിക്കുന്ന ഉത്തരവാണെന്നും അഭിഭാഷകയും ബാലാവകാശ പ്രവര്‍ത്തകയുമായ മഹാരുഖ് ആദെന്‍വാല ചൂണ്ടിക്കാട്ടുന്നു. പൊലീസ് മേധാവിയുടെ ഉത്തരവ് കേന്ദ്രനിയമത്തിന് വിരുദ്ധമാണ്. പോക്‌സോ വകുപ്പിന് കീഴില്‍ കെട്ടിച്ചമച്ച കേസുകള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തില്‍ വ്യാജ കേസുകള്‍ കൊടുക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇവര്‍ ചോദിക്കുന്നു.
ഇത്തരം ഒരു ഉത്തരവിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഡിസിപിയുടെ അനുമതി ലഭിക്കാനായി ശ്രമിക്കുന്നതോടെ പ്രതികള്‍ക്ക് ഇരകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൂടുതല്‍ സമയം ലഭിക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസില്‍ പരാതി നല്‍കുന്നതിനായി മുന്നോട്ട് വരുന്ന ഒരു കുട്ടിയുടെ മാനസിക സമ്മര്‍ദ്ദം ഇവരൊക്കെ എന്താണ് മനസിലാക്കാത്തതെന്നും ഇവര്‍ ചോദിക്കുന്നു.
ഡിസിപിയുടെ അനുമതി വേണമെന്ന ഉത്തരവ് ഇറക്കും മുമ്പ് വിദഗ്ദ്ധരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നോ എന്നും ഇവര്‍ ചോദിക്കുന്നു.