ഇഡി ഓഫീസിലേക്ക് മാർച്ച്: കേരളത്തിൽ കേന്ദ്ര ഏജൻസികളെ പിന്തുണയ്ക്കുന്ന കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് ആരോപണം

Advertisement

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് ഇരട്ടത്താപ്പെന്ന് ആക്ഷേപം ഉയരുന്നു. കേരളത്തിൽ എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ പിന്തുണയ്ക്കുന്ന നയമാണ് കോൺ​ഗ്രസ് സ്വീകരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നാഷണൽ ഹൊറാൾഡ് കള്ളപ്പണ കേസിൽ തിങ്കളാഴ്ച യാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കലിനായി മോദി സർക്കാർ ഇഡി യെ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം ഉയർത്താൻ കോൺ​ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച കൊച്ചി, കോഴിക്കോട് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

സംസ്ഥാന സർക്കാരിനെതിരെ ഇഡി അന്വേഷണം നടത്തണമെന്ന്
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സുധാകരന്റെ ആഹ്വാനവും പുറത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. കോഴിക്കോട്ട് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സതീശനാണെന്നതും മറ്റൊരു കൗതുകമാണ്.

സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന
നീക്കങ്ങൾക്കെതിരെ വാർത്താ സമ്മേളനം നടത്തണമെന്ന് ഹൈക്കമാന്റ്
നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കെപിസിസി പത്ര സമ്മേളനം വേണ്ടെന്നു വച്ചു.
പത്രസമ്മേളനം നടത്തിയാൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് വേണ്ടെന്ന് വച്ചതെന്നാണ് സൂചന.
കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പ്രചരണായുധമാക്കാൻ ഒരുങ്ങുകയാണ് ഇടതുമുന്നണി.