കോട്ടയം. ജനം പ്രതീക്ഷയോടെ വിളിക്കുന്ന പൊലീസിന്‍റെ തണുപ്പന്‍ സമീപനം മിക്കപ്പോഴും വിവാദമായിട്ടുണ്ട്. എന്നാല്‍ പൊലീസ് സത്വരം ഇടപെട്ടാല്‍ പല പ്രശ്നങ്ങളും ഒഴിവാകുന്നത് കാണാം. ആധുനികകാലത്ത് സഹായത്തിനായി വിളിക്കുന്ന ഓരോകോളും വിലപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത് നല്ല പൊലിസിംങ് എന്താണെന്നും അതിന്‍റെ ഗുണം എന്താണ്എന്നും കാണിച്ചു തരുന്നു. ഒരു പിതാവ് തന്റെ മകള്‍ ആപത്തിലാണെന്ന് വിളിച്ചറിയിച്ച ഉടന്‍ കോട്ടയം വെസ്റ്റ് എസ്ഐ നവാസും സംഘവും അങ്ങോട്ട് പാഞ്ഞു. ഈ അനുഭവ കഥ വായിച്ച് കയ്യടിക്കാം നല്ലപൊലീസിന്
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കല്‍ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ. എം.എ.നവാസും സംഘവും. മരുമകന്‍ മദ്യപിച്ചെത്തി ഗര്‍ഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേയ്ക്ക് പോകാന്‍ ഭയമായതിനാല്‍ സഹായിക്കണെന്നും അഭ്യര്‍ത്ഥിച്ച് അച്ഛന്‍ സ്റ്റേഷനിലേയ്ക്ക് വിളിച്ച വിവരം പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ക്ക് കൈമാറി. ഒരു നിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തെത്തി.
വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനില്‍ വിവരം
അറിയിച്ച ആളെ വിളിച്ചപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. വീടിനകത്ത് ടി.വി പ്രവര്‍ത്തിക്കുന്ന ശബ്ദം കേട്ടതിനാല്‍ കതക് തളളിത്തുറന്ന് പോലീസ് അകത്തു കയറി. വീടിനുളളില്‍ നിന്ന് ഞരക്കം കേട്ട് അതിവേഗം മുറിയ്ക്കകത്തെത്തിയ പോലീസ് ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. എ.എസ്.ഐ ബിനുരവീന്ദ്രനും സിവില്‍പോലീസ് ഓഫീസര്‍ എസ്.സുരേഷും ചേര്‍ന്ന് യുവതിയെ താങ്ങി ഉയര്‍ത്തിനിര്‍ത്തി. കഴുത്തില്‍ മുറുകിയ തുണി അഴിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ എസ്.ഐ. നവാസ് അടുത്ത വീട്ടില്‍ നിന്ന് കത്തി വാങ്ങി ഷാള്‍ മുറിച്ചുമാറ്റി താഴെയിറക്കി. റോഡില്‍ നിന്ന് 100 മീറ്റര്‍ മാറിയുളള വീട്ടില്‍ നിന്ന് അബോധാവസ്ഥയിലായ യുവതിയെ എടുത്ത് പോലീസ് വാഹനത്തില്‍ എത്തിച്ച് അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. യാത്രാമധ്യേ മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി.
തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് മാത്യു, ബോബി സ്റ്റീഫന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.