തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പ്രകടമാവുകയാണെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ്. മൂന്നു വര്‍ഷത്തിനിടെയുള്ള നിരീക്ഷണത്തില്‍, ജൂണ്‍ മാസങ്ങളില്‍ മഴ ഇല്ലാത്ത ദിവസങ്ങള്‍ കൂടുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
2020ല്‍ 10 ദിവസം ജൂണില്‍ ജില്ലയില്‍ മഴ ലഭിച്ചില്ല. 2021ല്‍ 15 ദിവസങ്ങള്‍ മഴയില്ലാതെയാണ് ജൂണ്‍ മാസം കടന്നുപോയത്. ഈ വര്‍ഷം ജൂണ്‍ 13വരെ എട്ട് ദിവസങ്ങളില്‍ മഴ ലഭിച്ചില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രവണതയാണിത്. അറബിക്കടലില്‍ ചൂടു കൂടുന്നതും മണ്‍സൂണ്‍ ആരംഭിച്ചെങ്കിലും കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് കാറ്റ് അടിക്കുന്നത് ദുര്‍ബലമായതിനാലാണ് മഴമേഘങ്ങള്‍ വയനാട്ടിലടക്കം എത്താത്തത്.
അതേസമയം, മേയ് മാസത്തില്‍ വയനാട്ടില്‍ താരതമ്യേനെ നല്ല മഴ ലഭിച്ചു. പല പ്രദേശങ്ങളിലും 600 മില്ലി മീറ്റര്‍വരെ മഴ ലഭിച്ചു. വേനല്‍കാലത്ത് വലിയതോതില്‍ മഴ ലഭിക്കുന്നതോടെ ഭൂമി കൂടുതല്‍ തണുക്കുകയും കടലില്‍നിന്ന് കരയിലേക്ക് അടിക്കേണ്ട കാറ്റിനെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ ഞായറാഴ്ച 175 മില്ലി മീറ്റര്‍ മഴയാണ് നിരവില്‍പുഴ ഭാഗത്ത് ലഭിച്ചത്. ലക്കിടിയില്‍ 100 മില്ലി മീറ്ററും ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ 380-400 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു. 50 ശതമാനത്തിന്റെ കുറവാണുണ്ടായത്. മഴയിലെ ഈ മാറ്റം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആവശ്യമായ സമയങ്ങളില്‍ വെള്ളം ലഭിക്കാതാവുമ്പോള്‍ കൃഷി നാശം സംഭവിക്കും. വേനല്‍ മഴയില്‍ കളകള്‍ തഴച്ചുവളരുന്നത് കൃഷിച്ചെലവ് വലിയതോതില്‍ വര്‍ധിപ്പിക്കാനും ഇടയാക്കും. ഇതിനെ മനസ്സിലാക്കിയും വിലയിരുത്തിയുമുള്ള ക്രമീകരണങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവേണ്ടതുണ്ടെന്നും വിഷ്ണുദാസ് പറഞ്ഞു.