കൊല്ലം: പനയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പിൽ പഞ്ചായത്ത് മുൻ സെക്രട്ടറിയടക്കം പ്രതിയായേക്കും.
2019, 20, 21 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിലൂടെ തട്ടിപ്പ് നടത്തിയ തുക ഒരു കോടിക്കും മുകളിലാണ്. തട്ടിപ്പിനിരയായ 40 പേർ ഇതിനോടകം പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ രണ്ട് ദിവസത്തിനകം വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. അന്വേഷണം ഉണ്ടാകുന്നതോടെ മുൻ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരെ പ്രാഥമിക പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. നിരവധി താത്കാലിക ജീവനക്കാരും കേസിൽ ഉൾപ്പെടും. മുൻ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റടക്കം തട്ടിപ്പ് കേസിൽ പ്രതിയാകും. സർക്കാരിന്റെ കെഎസ്‌എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥനാണ് മുൻ പഞ്ചായത്ത് സെക്രട്ടറി. അതിനാൽ കേസിന്റെ ഗൗരവം വർധിക്കും.
കുടുംബശ്രീയെ ഉപയോഗിച്ചും സമാന രീതീയിൽ തട്ടിപ്പ് നടന്നുവെന്നും വിജിലൻസിന് ലഭിച്ച പരാതിയിൽ പറയുന്നു. തൊഴിലുറപ്പ് തൊഴിലിൽ ഉൾപ്പെട്ട ആടിൻകൂട് നിർമാണം, കോഴിക്കൂട് നിർമാണം, കിണർ നിർമ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിർമാണം എന്നി പദ്ധതിയുടെ മറവിലാണ് കോടികൾ തട്ടിയെടുത്തത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന ഒന്നാം ഗഡുവായ തുക തിരികെ പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയത്.
പ്രാഥമികാന്വേഷണത്തിൽ തന്നെ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന. പുതിയ ഭരണസമിതിയിലെ മെമ്ബർമാർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടന്ന പഞ്ചായത്ത്തല ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പഞ്ചായത്തിൽ നടന്നത് ഗുരുതര തട്ടിപ്പാണെന്ന് കണ്ടെത്തിയത്. എന്നാൽ തട്ടിപ്പ് കണ്ടെത്തിയിട്ടും അത് മൂടിവയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. തട്ടിപ്പ് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാത്തതിനാൽ നിലവിലെ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി ഉണ്ടായേക്കും.