തിരുവനന്തപുരം: കാലവർഷം തിമിർത്തുപെയ്യേണ്ട സമയത്തും വയനാട്ടിൽ കൊടും ചൂട്. കാർഷിക മേഖലയായ വയനാട്ടിൽ മഴ വൈകുന്നത് കൃഷിപ്പണികളെ ദോഷകരമായി ബാധിക്കുന്നു. സാധാരണ ജൂൺ ആദ്യവാരം തന്നെ ചെറിയ രീതിയിൽ മഴ ജില്ലയിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ മഴ തീരെ ലഭിച്ചിട്ടില്ല. ജൂൺ മാസം പകുതിയായിട്ടും ശക്തമായ മഴ ജില്ലയിൽ ലഭിച്ചിട്ടില്ല.
കാർഷിക മേഖലയെ ആശ്രയിച്ചാണ് ജില്ലയുടെ നിലനിൽപ്. വയലുകളിലൊക്കെ നെൽകൃഷിയുടെ പ്രാരംഭ ജോലികൾ കർഷകർ ചെയ്തിട്ടുണ്ട്. എന്നാൽ, മഴ ലഭിക്കാത്തതിനാൽ മറ്റ് പ്രവൃത്തികളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ശക്തമായ ചൂടാണ് പകൽ സമയത്ത് ഇപ്പോൾ. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത കാർഷിക മേഖലയെ തളർത്തി. പുഴകളിലും തോടുകളിലും നീരൊഴുക്ക് ആയിട്ടില്ല. ശക്തമായ മഴ ലഭിച്ചാൽ മാത്രമെ ജലാശയങ്ങൾ സമൃദ്ധമാവുകയുള്ളൂ.
സംസ്ഥാനത്തുതന്നെ മഴ ഏറ്റവും കുറവ് ലഭിച്ച ജില്ലകളിലൊന്നാണ് വയനാട്. മുമ്പെല്ലാം വയനാട്ടിലായിരുന്നു കൂടുതൽ മഴ ഇക്കാലയളവിൽ ലഭിച്ചിരുന്നത്. നല്ല മഴ ലഭിച്ചാൽ മാത്രമെ നടീൽ വസ്തുക്കളെല്ലാം കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിക്കാൻ പറ്റൂ. മഴക്കുറവ് ജില്ലയുടെ സമ്പദ്ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്.