മൂക്കൂത്തിഅമ്മന്‍ ചെട്ടികുളങ്ങര നടയില്‍, ചാന്താട്ടം പിന്നെ പരുമലയില്‍ മെഴുകുതിരി

Advertisement

തിരുവല്ല. മൂക്കൂത്തിഅമ്മനില്‍ ദേവിയായി ആരാധകരെ വിസ്മയിപ്പിച്ച ലേഡി സൂപ്പര്‍ സ്റ്റാര്‍ ചെട്ടികുളങ്ങര അമ്മയുടെ നടയിലെത്തിയത് ദേവിയുടെ വഴിപാടായ ചാന്താട്ടത്തിന്. താര ദമ്പതികളായ നയന്‍താരയും വിഘ്‌നേഷും ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നയന്‍താരയുടെ തിരുവല്ലയിലെ വീട്ടിലെത്തിയ ഇരുവരും അവിടെനിന്നാണ് ചെട്ടികുളങ്ങരയില്‍ എത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി.പ്രസിദ്ധ ഉല്‍സവമായ ചെട്ടികുളങ്ങര ഭരണികെട്ടുകാഴ്ചയുടെ ചിത്രമാണ് നല്‍കിയത്. ആഗ്രഹസാഫല്യത്തിനായി ഭക്തര്‍ നടത്തുന്ന പ്രധാനവഴിപാടായ ചാന്താട്ടവും നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്.

ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും ആദ്യം പോയത് തിരുപ്പതി ക്ഷേത്രത്തില്‍ തൊഴാനായിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കടുത്ത ദൈവ വിശ്വാസികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. വിവാഹത്തിന് മുമ്ബ് തന്നെ ഇരുവരും തിരുപ്പതിയിലും കന്യാകുമാരി ക്ഷേത്രത്തിലും ചോറ്റാനിക്കര മകംതൊഴലിനുമൊക്കെയെത്തിയത് വാര്‍ത്തയായിരുന്നു.

നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് നയനും വിഘ്നേശും കേരളത്തില്‍ എത്തിയത്. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷും പിന്നീട് പരുമല തിരുമേനിയുടെ അനുഗ്രഹം തേടിയെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവര്‍ പരുമല പള്ളിയില്‍ എത്തിയത്. പള്ളിമുറ്റത്ത് മെഴുകുതിരി വില്‍ക്കുന്നവരുടെ പക്കല്‍ നിന്നും തിരി വാങ്ങി കബറിങ്കലില്‍ കത്തിച്ചു.തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തി പെട്ടെന്ന് തന്നെ മടങ്ങി.

വളരെ രഹസ്യമായിട്ടാണ് ഇരുവരും എത്തിയത് ചുരിദാര്‍ അണിഞ്ഞ് തലയിലൂടെ ഷാള്‍ ഇട്ട് വന്നതിനാല്‍ അധികമാരും തിരിച്ചറിഞ്ഞുമില്ല. തിരുവല്ല സ്വദേശിനിയായ നയന്‍താര ചെറുപ്പം മുതലേ പരുമല പള്ളിയില്‍ എത്താറുണ്ടായിരുന്നു.

Advertisement