‘ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി ആയിരുന്നു; അതുകൊണ്ട്‌ കുഴപ്പമില്ല’ മന്ത്രി റിയാസിന് ചാണ്ടി ഉമ്മൻറെ മറുപടി

Advertisement

തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻറെ ഫേസ്ബുക്ക് പോസ്റ്റ്.
‘ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച്‌ തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ’ എന്നാണ് മന്ത്രി റിസാസ് ഭാര്യ വീണയെ പറ്റി കുറിച്ചിരിക്കുന്നത്.

‘ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌)ആയിരുന്നു. അതുകൊണ്ട്‌ കുഴപ്പമില്ല!’ എന്നാണ് റിയാസിന് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

2020 ജൂൺ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങുകൾ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെ മകളായ വീണയ്ക്കെതിരെയും മൊഴി നൽകിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച്‌ താൻ ഒരുപാട് തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു. അത് മറന്നിട്ടുണ്ടെങ്കിൽ ഓർമിപ്പിക്കാമെന്നും അവർ പറഞ്ഞു. താൻ ജയിലിൽ കിടന്ന സമയത്ത് തന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഇരുന്ന് ഒരുപാട് കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച്‌ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓർമിപ്പിച്ചു കൊടുക്കാം’ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

എനിക്കെതിരെ കേരളത്തിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിൽ കേസെടുത്താലും സെക്ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഉറച്ച്‌ നിൽക്കും. ഇതിൽ നിന്ന് ഞാൻ പിൻമാറണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. ഞാൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല, രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല,ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്, ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.

Advertisement