ശാസ്താംകോട്ട:ക്ഷേത്രത്തില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് കൂലിപ്പണിക്കാരനായ അച്ഛനെയും മകനെയും പൊലീസ് പീഡിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും നീതി കിട്ടിയില്ല. പ്രഥമദൃഷ്ട്യാ പൊലീസുകാരന്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും ആരോപണ വിധേയരായ പൊലീസുകാര്‍ ഇനിയും കോടതിയില്‍ ഹാജരാകുകയോ ജാമ്യമെടുക്കുകയോ ചെയ്യാതെ വിലസി നടക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീപത്തെ ക്ഷേത്രത്തിലുണ്ടായ തര്‍ക്കത്തില്‍ ബാലന്‍പിള്ള എന്ന 63കാരന്റെ മകനാണ് ഉത്തരവാദിയെന്ന് ആരോപിച്ചെത്തിയ പൊലീസുകാര്‍ മകനെ നിര്‍ദ്ദയം മര്‍ദ്ദിക്കുകയായിരുന്നു. പശുവിനെ തീറ്റിക്കൊണ്ടു നിന്ന ബാലന്‍പിള്ള മകനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിക്കുകയും അതിനിടെ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരുടെയും ഞരമ്പുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടായി. രണ്ട് വര്‍ഷത്തിനിപ്പുറവും ഇവര്‍ ചികിത്സയിലാണ്. മകനെ പിടിച്ച് കൊണ്ടുപോകുകയും ജീപ്പിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. മണിക്കൂറുകള്‍ കഴിഞ്ഞാണ് മകനെ സ്റ്റേഷനില്‍ എത്തിച്ചതെന്നും ബാലന്‍പിള്ള പറയുന്നു.
മര്‍ദ്ദനത്തില്‍ മകന് ഭാഗികമായി കാഴ്ചശക്തിയും നഷ്ടമായി. ജയില്‍ അധികൃതര്‍ മകനെ കൊല്ലം ജില്ലാ ആശുപത്രിയിലും നായേഴ്‌സ് ആശുപത്രിയിലും കൊണ്ടുപോയി ചികിത്സ നടത്തി. അടുത്തിടെ യുവാവ് വിദേശത്തേക്ക് പോയെങ്കിലും കാഴ്ചയിലെ പ്രശ്‌നം മൂലം ഡ്രൈവറായി ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മടങ്ങാന്‍ ഇരിക്കുകയാണ്.
പൊലീസുകാര്‍ ഇപ്പോഴും തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ പണം പലിശയ്ക്ക് കൊടുക്കുന്നുണ്ടോയെന്ന് നാട്ടുകാരോട് അന്വേഷിക്കുന്നു. അത്തരത്തില്‍ കള്ളക്കേസുകള്‍ മെനയാന്‍ ശ്രമിക്കുകയാണെന്നും ബാലന്‍ പിള്ള ആരോപിച്ചു.
ശാസ്താംകോട്ട എസ്‌ഐ ആയ സി അനീഷ്, സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ പ്രസന്നകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബാലന്‍പിള്ളയും മകനും കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും ഇല്ല. എന്നാല്‍ കേസിലെ പുതിയ വികാസങ്ങള്‍ ഒന്നും തനിക്കറിയില്ലെന്നാണ് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ പ്രതികരണം.