മാധവ വാര്യരെ സ്വപ്‌ന വലിച്ചിഴച്ചതിനു പിന്നിൽ അദ്ദേഹത്തിന് എച്ച്ആർഡിഎസുമായുള്ള തർക്കം- ജലീൽ

Advertisement

തിരുവനന്തപുരം: മുംബൈ വ്യവസായി മാധവ് വാര്യർ തന്റെ ബിനാമിയല്ലെന്ന് വ്യക്തമാക്കി കെ ടി ജലീൽ എംഎൽഎ രം​ഗത്ത്.
തനിക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് മാധവ വാര്യരെ സ്വപ്‌ന സുരേഷ് വലിച്ചിഴയ്ക്കാൻ കാരണം അദ്ദേഹത്തിന് എച്ച്ആർഡിഎസുമായുള്ള തർക്കമാണെന്നും ജലീൽ പറഞ്ഞു .

തിരുനാവായക്കാരനായ മാധവവാര്യർ മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണ്. അദ്ദേഹത്തെ കുറച്ചുനാളുകളായി തനിക്ക് അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട് അതിനപ്പുറം ഒന്നുമില്ലെന്നും ജലീൽ വ്യക്തമാക്കി.

എച്ച്ആർഡിഎസ് എന്ന, സ്വപ്‌നസുരേഷ് ജോലിചെയ്യുന്ന സ്ഥാപനവുമായി മാധവവാര്യർക്ക് തർക്കങ്ങളുണ്ട്. അട്ടപ്പാടിയിൽ എച്ച്ആർഡിഎസിൻറെ വീടുകളുടെ നിർമാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവർക്ക് എച്ച്ആർഡിഎസ് കൊടുക്കേണ്ട പണം നൽകിയില്ല, വണ്ടിചെക്ക് നൽകി. ഇതേത്തുടർന്ന് മുംബൈ ഹൈക്കോടതിയിൽ എച്ച്ആർഡിഎസിനെതിരെ വാര്യർ ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യരുടെ പേര് സ്വപ്ന പറഞ്ഞതെന്നും ജലീൽ പറഞ്ഞു.

വാര്യർ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്. അതിനപ്പുറത്തേക്ക് മാധവ വാര്യരുമായി യാതൊരു ബന്ധവും ഇല്ല. ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകയതിൽ തനിക്ക് യാതൊരു പങ്കുമില്ല. 2014-ലാണ് സിൻഡിക്കേറ്റ് ഷാർജ ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ പാണ്ഡിത്യവും എഴുതിയ പുസ്തകങ്ങളും പരിഗണിച്ച് ഡി ലിറ്റ് നൽകാൻ തീരുമാനിക്കുന്നത്. അന്നത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാമാണ്. അയാൾ ഇന്ന് ബിജെപിയുടെ നേതാവാണ്. വല്ല സംശയവും ഉണ്ടെങ്കിൽ സലാമിനോട് ചോദിച്ചാൽ മതി. അന്നത്തെ വിദ്യാഭ്യസ മന്ത്രി അബ്ദു റബ്ബാണ്. 2018-ലാണ് ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലെത്തുന്നതെന്നും ജലീൽ പറഞ്ഞു.

സ്വപ്‌ന സുരേഷ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്. മുഖ്യമന്ത്രിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും അവർ വിളിച്ചുപറയുന്നത് കേട്ടാൽ അറപ്പുണ്ടാകും. ഷാർജ ഭരണാധികാരി ക്ലിഫ് ഹൗസിൽ വന്നുപോകുന്നതുവരെ ഞാനും അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അറിയുന്നവർക്ക് അറിയാം. ഒരിക്കലും ഒരാളോടും വ്യക്തിപരമായ കാര്യങ്ങൾ പറയാൻ ഇഷ്ടപ്പെടാത്ത ആളാണ്. പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും അദ്ദേഹം സഹിച്ച ത്യാഗം ഉൾപ്പടെ വ്യക്തിപരമായ കാര്യങ്ങൾ പറയുന്നതിൽ വൈമുഖ്യം കാണിക്കുന്ന ആളാണ് മുഖ്യമന്ത്രി. അത്തരത്തിലുള്ള ഒരു ഭരണകർത്താവിനെ കുറിച്ചാണ് നട്ടാൽ കുരുക്കാത്ത നുണകൾ നാട്ടിൽ പ്രചരിക്കുന്നതെന്നും ജലീൽ ചൂണ്ടിക്കാട്ടി.

ഇതെല്ലാം ജനങ്ങൾ തള്ളികളയും. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. നേരത്തെ താൻ നൽകിയ പരാതിയിലുള്ള അന്വേഷണത്തിൽ ഇതുംകൂടി ചേർക്കണമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കും. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അതോടെ ജനങ്ങൾക്ക് ബോധ്യമാകും. ഷാർജ ഭരണാധികാരിക്ക് സ്വർണവും ഡയമണ്ട്‌സുമൊക്കെ കൊടുത്തെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. വിദേശ ഭരണാധികാരികളെ അപമാനപ്പെടുത്തുന്നതിന് തുല്യമല്ലേ ഇതെന്നും ജലീൽ ചോദിച്ചു.