ചേര്‍ത്തല.പ്രകൃതിസ്നേഹം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അനിവാര്യഘടകമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ രേണു രാജ് ഐ എ എസ്. സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേർത്തല ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കലക്ടർ. കുട്ടികൾ പരിസ്ഥിതിയുടെ പ്രചാരകരാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്റെ വീടുകളിൽ എത്തുന്ന ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകൾ 400 ഗ്രാം ഭാരം വരുന്ന തരത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് അവ ബ്രിക്സുകളാക്കി,സ്കൂളിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളായ തണൽമരത്തറ, പൂന്തോട്ടങ്ങൾ, ഇരിപ്പിടങ്ങൾ, തുടങ്ങിയവ നിർമ്മിക്കുന്ന പദ്ധതിയാണ് ഇക്കോ സ്റ്റോൺ ചലഞ്ച്.
ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിലെ അലന ട്വിങ്കിൾ, കൊട്ടാരക്കര എം ജി എം സ്കൂളിലെ നിഖിത ലിജു എന്നിവരെ കളക്ടർ അനുമോദിച്ചു. കൂടാതെ സ്കൂളിലെ വിവിധ നേട്ടങ്ങൾ നേടിയ കുട്ടികളെയും ആദരിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു.
നഗര സഭ ചെയർപേഴ്സൻ ഷേർളി ഭാർഗവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ എസ് ബാബു സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ പദ്ധതി വിശദീകരിച്ചു. അമേരിക്കൻ മലയാളി അസോസിയേഷൻ അംഗം സൈജൻ കണിയോടിക്കൽ,പി റ്റി എ പ്രസിഡന്റ് അനൂപ് ജോൺ, വാർഡ് അംഗം എലിക്കുട്ടി ജോൺ, ഷാജി മഞ്ജരി തുടങ്ങിയവർ സംസാരിച്ചു.