തിരുവനന്തപുരം: 2011ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 116 കോടി രൂപയുടെ നേമം കോച്ചിംഗ് ടെർമിനൽ പദ്ധതിക്ക് ചങ്ങലവലിച്ച് കേന്ദ്രസർക്കാർ.
ഇതോടെ സംസ്ഥാനത്തേക്ക് കൂടുതൽ ട്രെയിനുകൾ വരാനുള്ള സാദ്ധ്യതയും ഇരുട്ടിലായി. കൊച്ചുവേളിയിൽ ടെർമിനൽ നിർമ്മിക്കുകയാണെന്നും, കൂടുതൽ സൗകര്യമൊരുക്കേണ്ട ആവശ്യം കേരളത്തിലില്ലെന്നുമുള്ള ന്യായം നിരത്തിയാണ് നേമത്തിന്റെ വിശദമായ പദ്ധതിരേഖ പരിഗണിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്.
എറണാകുളത്തു നിന്ന് കോട്ടയം വഴി കായംകുളം വരെയുള്ള ഇരട്ടപ്പാത പൂർത്തിയായതും, വന്ദേഭാരത് സർവീസിന്റെ ഭാഗമായുള്ള സിഗ്നൽ നവീകരണവും സംസ്ഥാനത്തേക്ക് കൂടുതൽ ട്രെയിനുകൾക്ക് വഴിതുറക്കുമായിരുന്നു. കൂടുതൽ സർവീസുകൾക്ക് വലിപ്പവും കൂടുതൽ സൗകര്യങ്ങളുമുള്ള സ്റ്റേഷനുകൾ വേണം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പോലും രണ്ട് പിറ്റ് ലൈനുകളേയുള്ളൂ. തിരുവനന്തപുരത്തും കൊച്ചുവേളിയിലും കൈകാര്യം ചെയ്യാവുന്നതിന്റെ ഇരട്ടി സർവീസുകളാണ് ദിവസവും വന്നുപോകുന്നത്.
നേമത്ത് 14.5 ഹെക്ടർ ഭൂമി റെയിൽവേക്കുണ്ട്. ടെർമിനലിനായി 7.8ഹെക്ടർ കൂടിവേണമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നലതിന് 142.5കോടി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് ടെർമിനൽ പദ്ധതി ഫയലിൽ കുടുങ്ങിയത്. പിന്നീട് 2019ലാണ് ഇത് വീണ്ടും പുറത്തെടുത്തത്. എന്നാൽ ജോൺ ബ്രിട്ടാസ് എം.പിയുടെ രാജ്യസഭയിലെ ചോദ്യത്തിലാണ് നേമം പദ്ധതി പെരുവഴിയിലായ വിവരം പുറത്തായത്.