ചാരുംമൂട് (ആലപ്പുഴ). സാധാരണ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ ഐതിഹാസികമായ സംഘട്ടനത്തിലൂടെ കീഴടക്കി എന്ന പത്രവാര്‍ത്ത നല്‍കുംപോലെ യായിരുന്നില്ല അത്, പ്രതി പൊലീസിനെ വെട്ടിക്കൊല്ലാന്‍ തയ്യാറായിത്തന്നെ വന്നവന്‍. നേര്‍ക്കുനേരെ പോരാട്ടം, വെട്ടൊഴിഞ്ഞ് പ്രതിയെ സാഹസികമായി തന്നെ കീഴ്‌പ്പെടുത്തല്‍, വീണിട്ടും ഇടതു കൈ മുറിഞ്ഞിട്ടും അപകടകാരിയായ അക്രമിയെ ധീരമായി പിടികൂടി ആ ഓഫീസര്‍.
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ വട്ടം വെച്ചു . ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോൾ വിരലുകളിൽ പരിക്കേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളിൽ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുൻപാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.
ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് തന്നെ പുറത്തുവിട്ടതോടെ ഇപ്പോള്‍ കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ, പോരാട്ടത്തിന് എസ്‌ഐ അരുണ്‍കുമാര്‍കാട്ടിയ ചങ്കൂറ്റത്തെ അഭിനനന്ദിക്കുന്നതിനൊപ്പം നിഷ്‌ക്രിയനായിനിന്ന ഡ്രൈവറെയും നാട്ടുകാരെയും പരിഹസിക്കുന്നുമുണ്ട്. ഡ്രൈവറെന്നാല്‍ ഡ്രൈവറുടെ പണിയേ ചെയ്യൂ എന്നാണ് ഒരു കമന്റ്, എസ്‌ഐയെ ഉടന്‍തന്നെ സഹായിക്കുകയും ആക്ഷന്‍ ഹീറോ ബിജുവിലെ തമ്പാന്നൂര്‍ സുരേഷിനെപ്പോലെ കിട്ടിയ ചാന്‍സിന് അക്രമിക്ക് രണ്ടുപൊട്ടിക്കുകയും ചെയ്യുന്ന കാവി ഉടുത്ത ചേട്ടനെ അഭിനന്ദിക്കുന്നുമുണ്ട്.
മറ്റുള്ളവര്‍ എന്താണ് നിഷ്‌ക്രിയരായിരിക്കുന്നതെന്ന് ചോദിച്ചവരോട് അവന്‍ നാലുദിവസം കഴിഞ്ഞിറങ്ങി ചോദിക്കാന്‍ വരു്‌മ്പോ നമ്മളേ കാണൂ എന്നു മറുപടി പറയുന്നവരുമുണ്ട്. എന്തായാലും കേരളാ പൊലീസ് ഇട്ട വിഡിയോ അപകടകരമായ സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്നതിന് ഒരു സ്റ്റഡീക്‌ളാസുകൂടി ആയിട്ടുണ്ട്. ഒപ്പം എത്ര അപകടകരമായ സാഹചര്യങ്ങളിലാണ് നമ്മുടെ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതെന്നും വ്യക്തമാകുന്നു. മനുഷ്യന്‍ കൂടുതല്‍ അക്രമികളായി മാറിയ കാലത്ത് കുറേക്കൂടി സുരക്ഷിതമായ മാര്‍ഗങ്ങള്‍ പൊലീസിന് ആവശ്യമാണെന്ന സൂചനയും ഈ ദൃശ്യം നല്‍കുന്നുണ്ട്.
#keralapolice