ഷാര്‍ജ . യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കേരളത്തിലേക്ക് വിമാന ടിക്കറ്റിന് ക്രമാതീതമായി നിരക്ക് വർധിപ്പിച്ചതോടെ പ്രവാസികളിൽ വലിയൊരു വിഭാഗം പ്രതിസന്ധിയിൽ . യു.എ.ഇയിൽനിന്നും തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ജൂൺ അവസാനം മുതൽ മൂന്നും നാലും ഇരട്ടിയായാണ് വിവിധ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് .
ജൂലൈ രണ്ടുമുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിക്കുന്നത് . ജൂലൈ ഒമ്പതിനോ 10 നോ ബലിപെരുന്നാളും എത്തുകയാണ് . ജൂലൈ ആദ്യവാരം യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് 1500 മുതൽ 3000 ദിർഹം വരെയാണ് വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത് . കൊച്ചിയിലേക്ക് 1400 ദിർഹം മുതൽ 3750 ദിർഹം വരെയും കോഴിക്കോട്ടേക്ക് 1350 ദിർഹം മുതൽ 2000 ദിർഹമും കണ്ണൂരിലേക്ക് 1350 ദിർഹം മുതൽ 2000 ദിർഹവുമാണ് നിലവിൽ വിമാന കമ്പനികൾ ഈടാക്കുന്നത് .
ഓരോ ദിവസവും വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിക്കുകയുമാണ് . ഇതിൽ കോഴിക്കോട്ടേക്കാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നത് .ചുരുക്കത്തിൽ ഈ വേനലവധിക്കാലത്ത് നാട്ടിൽ പോയി തിരികെ വരണമെങ്കിൽ 2500 മുതൽ 4000 ദിർഹം വരെ ടിക്കറ്റിന് നൽകേണ്ടിവരും .
സാധാരണ വേനൽക്കാല അവധിക്ക് ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കാറുള്ളതെങ്കിലും അതിനെ മറികടക്കാൻ മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയാണ് പലരും അവലംബിക്കാറുള്ളത് . കഴിഞ്ഞ മാർച്ച് 27 മുതലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ വിമാന സർവിസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളയുന്നത്.