കൊല്ലം: മൂന്നരവര്‍ഷം കൊണ്ട് കൊല്ലം റെയില്‍വേസ്റ്റേഷനെ വിമാനത്താവള നിലവാരത്തിലേക്ക് ഉയര്‍ത്തും. നിലവിലെ സ്റ്റേഷന്‍ പൊളിച്ചു മാറ്റിയാണ് നിര്‍മ്മാണം.
385.4 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം. നിര്‍മ്മാണത്തിന് മുന്നോടിയായി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥ സംഘം സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 290 കോടിയുടെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ ഒന്‍പതിന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. 39മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
വിമാനയാത്രക്കാര്‍ക്ക് നല്‍കുന്ന അന്താരാഷ്ട്രനിലവാരത്തിലുള്ള എ ക്ലാസ് സേവനം ഉറപ്പുവരുത്തുന്ന കേന്ദ്ര പദ്ധതിയാണിത്. റെയില്‍വേ സ്റ്റേഷനിലെ തെക്കും വടക്കും ഭാഗങ്ങളിലായി രണ്ട് ടെര്‍മിനലുകളും വിശാലമായ സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയങ്ങളും നിര്‍മ്മിക്കും. അവ പരസ്പരം ബന്ധിപ്പിക്കുന്ന ഏകദേശം 110 മീറ്റര്‍ നീളവും 36 മീറ്റര്‍ വീതിയുമുള്ള ശീതികരിച്ച റൂഫ് പാനലും സജ്ജമാക്കും.
പോകാനും വരുവാനും പ്രത്യേകം കവാടങ്ങളും സജ്ജീകരിക്കും. ചരക്കു നീക്കത്തിന് പ്രത്യേക ട്രോളിയും എസ്‌കലേറ്ററും ഉണ്ടാകും. എല്ലാ പ്ലാറ്റ്‌ഫോമിലും ആധുനിക മേല്‍ക്കൂരകളും നിര്‍മ്മിക്കും. റിസര്‍വേഷനും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക കെട്ടിടങ്ങള്‍ സജ്ജമാക്കും.
ഒരേസമയം 300 മുതല്‍ 400 വരെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന 12,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാലുനിലകളുള്ള മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കും. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗിനും സമാന സൗകര്യങ്ങള്‍ ഒരുക്കും.
രണ്ടാമത്തെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യവും വിഭാവന ചെയ്യുന്നുണ്ട്.