കൊച്ചി: ചരിത്രപ്രാധാന്യമേറെയുള്ള മൂന്നാര്‍ രാജപാതയെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന പാതയാണിത്.
കേന്ദ്ര വനംവകുപ്പിന്റെ കനിവും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും ഉണ്ടായാലേ ഈ പാതയുടെ വീണ്ടെടുപ്പ് സാധ്യമാകൂ. ആലുവയില്‍ നിന്ന് തുടങ്ങി കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോള്‍നട, കുഞ്ചിയാര്‍ പെരുമ്പന്‍കുത്ത്, മാങ്കുളം ലക്ഷ്മി എസ്റ്റേറ്റ് വഴി എളുപ്പത്തില്‍ മൂന്നാറിലെത്തുന്നതാണ് പാത. ഇതുവഴി കോതമംഗലത്തുനിന്ന് മൂന്നാറിലേക്കുള്ള ദൂരം 60 കിലോമീറ്ററാണ്. അതേസമയം നിലവിലെ കൊച്ചി -ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ആലുവ-മൂന്നാര്‍ റോഡിന്റെ ദൈര്‍ഘ്യം 80 കിലോമീറ്ററും.
1870ല്‍ യൂറോപ്യന്‍ പ്ലാന്റേഷന്‍ കമ്പനിക്ക് വേണ്ടി സര്‍ ജോണ്‍ ഡാനിയല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന്‍ തിരുവിതാംകൂര്‍ രാജാവിന്റെ അനുമതിയോടെ നിര്‍മ്മിച്ച വനത്തിലൂടെയുള്ള പാതയാണിത്. 1924ലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി പൂയംകുട്ടിക്കും പെരുമ്പന്‍ കുത്തിനുമിടയില്‍ മല ഇടിഞ്ഞ് വീണ് പാതയിലൂടെയുള്ള സഞ്ചാരം ഭാഗികമായി ദുര്‍ഘടമാകുകയും പുനര്‍നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ വിഫലമാകുകയും ചെയ്തപ്പോള്‍ 1931-32കാലയളവില്‍ പുതുതായി നിര്‍മ്മിച്ചതാണ് ഇന്നത്തെ ആലുവ -മൂന്നാര്‍ റോഡ്.
മലയിടിഞ്ഞ് വഴി മുടങ്ങിയെങ്കിലും പാതയുടെ ചില ഭാഗങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നു. 15 വര്‍ഷം മുമ്പ്, പൂയംകുട്ടി കണ്ടുപാറയ്ക്ക് സമീപം ബോര്‍ഡ് സ്ഥാപിച്ച് പാത അടച്ച് ഇതുവഴിയുള്ള യാത്ര പൂര്‍ണമായി അധികൃതര്‍ നിരോധിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം റോഡ് കയ്യേറ്റം മൂലവും മരങ്ങള്‍ വളര്‍ന്നും വീതി കുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് പാത തീര്‍ത്തും സഞ്ചാരത്തിന് പറ്റാതായതിനാലാണ് യാത്ര നിരോധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ആലുവയില്‍ നിന്ന് തുടങ്ങി പെരുമ്പന്‍കുത്ത് എത്തുന്നത് വരെയുള്ള പാത പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. ബാക്കി ഭാഗം വനം വകുപ്പിന്റെ കൈവശവും.
നിലവിലുള്ള ആലുവ-മൂന്നാര്‍ റോഡ് കുത്തനെയുള്ള ഒട്ടേറെ കയറ്റങ്ങളും വളവുകളുമുള്ളതാണ്. എന്നാല്‍ കൊടുംവളവുകളും കയറ്റങ്ങളുമില്ലാത്തതും സുരക്ഷിത യാത്രയ്ക്ക് യോഗ്യവുമാണ് മൂന്നാറിലേക്കുള്ള സമാന്തര പാതയായി ഉപയോഗിക്കാവുന്ന കോതമംഗലം-മൂന്നാര്‍ രാജപാത. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നവുമാണ് ഇവിടം.
ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചതും 1924ലെയും 2018ലെയും മഹാപ്രളയങ്ങളെ അതിജീവിച്ചതുമായ പാലങ്ങളും കലുങ്കുകളുമുണ്ട് പാതയില്‍. 163 വര്‍ഷം പഴക്കമുള്ള പെരുമ്പന്‍കുത്ത് പാലം അതില്‍ പ്രധാനമാണ്. പെരുമ്പന്‍കുത്ത്-പിണ്ടിമേട്-മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടങ്ങള്‍, മുനിയറകള്‍, തൂക്കുപാലം, വന്യജീവികളുടെ സൈ്വര്യ വിഹാരം, കുട്ടമ്പുഴ, ആനക്കയം, തട്ടേക്കാട് പക്ഷിസങ്കേതം തുടങ്ങി സഞ്ചാരികളെയും പ്രകൃതി സ്‌നേഹികളെയും ആകര്‍ഷിക്കുന്ന ഒട്ടേറെ സവിശേഷതകള്‍ രാജപാതയിലുണ്ട്. ട്രക്കിങ്ങിനായി ധാരാളം പേര്‍ പാത തെരഞ്ഞെടുക്കുന്നു.
രാജപാതയുടെ വീണ്ടെടുപ്പ് വിനോദസഞ്ചാരമേഖലയുടെ മുതല്‍ക്കൂട്ട് എന്നതിന് പുറമെ കുട്ടമ്പുഴ-മാങ്കുളം പഞ്ചായത്തുകളുടെയും ഇടമലക്കുടി ആദിവാസി സമൂഹമുള്‍പ്പെടെയുള്ള ജനങ്ങളുടെ സര്‍വത്ര വളര്‍ച്ചയ്ക്കും വഴി തുറക്കും.